ബീജിങ്: തയ്വാനെ ആയുധമണിയിച്ച് കിഴക്കനേഷ്യയെ സംഘര്‍ഷഭരിതമാക്കാനുള്ള അമേരിക്കന്‍ നീക്കത്തെ ശക്തമായെതിര്‍ത്ത് ചൈന രംഗത്തെത്തി. 220 കോടി ഡോളറിന് തയ്വാന് ആയുധം കൈമാറാന്‍ അമേരിക്കന്‍ ആഭ്യന്തരവകുപ്പ് അനുമതി നല്കി. അമേരിക്കന്‍ നീക്കത്തിനെതിരെ നയതന്ത്രപരമായി ചൈന ആദ്യപ്രതിഷേധമറിയിച്ചു. ആയുധക്കച്ചവടം നിര്‍ത്തി തായ്പേയുമായുള്ള സൈനികസഹകരണം ഉടനവസാനിപ്പിച്ചില്ലെങ്കില് അമേരിക്ക—ചൈന ബന്ധത്തെ സാരമായി ബാധിക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്കി.
മൂന്നാംതലമുറ അബ്രഹാം ടാങ്കുകളും എടുത്തുകൊണ്ട് നടക്കാവുന്നതും വിമാനങ്ങളെ വെടിവച്ചിടാന്‍ ശേഷിയുള്ളതുമായ സ്റ്റിന്‍ജര്‍ മിസൈലുകളും അടക്കമുള്ളവയാണ് അമേരിക്ക കൈമാറുന്നത്. 108 അബ്രഹാം ടാങ്കുകളും 250 സ്റ്റിന്‍ജര്‍ മിസൈലും നല്‍കും. എന്നാല്‍, തയ്വാന് സൈന്യത്തെ നവീകരിക്കാനാണ് ആയുധക്കച്ചവടമെന്നാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുടെ വിശദീകരണം.
ഇറക്കുമതിച്ചുങ്കം കുത്തനെ ഉയര്‍ത്തിക്കൊണ്ടുള്ള വ്യാപാരയുദ്ധത്തിനുപിന്നാലെ, ചൈനയുമായുള്ള ബന്ധം വഷളാക്കാനുള്ള പുതിയ നീക്കമാണ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ചൈന സ്വന്തം പരമാധികാരപരിധിയുള്ള മേഖലയായി കരുതുന്ന തയ്വാനെ സൈനികമായി ശക്തരാക്കി കിഴക്കനേഷ്യയില്‍ താവളമൊരുക്കാനാണ് അമേരിക്ക ദീര്‍ഘകാലമായി ശ്രമിക്കുന്നത്.
Post Your Comments