കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി കലാസൃഷ്ടികളുടെ ലേലത്തിലൂടെ കൊച്ചി ബിനാലെ ഫൗണ്ടേഷന് സമാഹരിച്ച മൂന്നുകോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി വി സുനില്‍, ട്രസ്റ്റി ബോണി തോമസ് എന്നിവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് തുക കൈമാറിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രനും സന്നിഹിതനായിരുന്നു.
കലാകാരന്മാരുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഉയര്‍ന്ന ദൃഷ്ടാന്തമാണിതെന്ന് തുക ഏറ്റുവാങ്ങിയ മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള നാല്‍പ്പതിലേറെ കലാകാരന്മാര് സൃഷ്ടികള്‍ ലേലത്തിനായി ബിനാലെ ഫൗണ്ടേഷന് കൈമാറിയിരുന്നു. ഗുലാം മുഹമ്മദ് ഷേഖ്, അനിഷ് കപൂര്‍, ദയാനിത സിങ്, ഫ്രാന്‍സെസ്കോ ക്ലമെന്റെ, അഞ്ജു ദോഡിയ, കെ എം മധുസൂദനന് തുടങ്ങിയ പ്രഗത്ഭ കലാകാരന്മാര് ഇതിലുള്‍പ്പെടും. ‘ആര്‍ട് റൈസസ് ഫോര്‍ കേരള’ പേരിട്ട് മുംബൈയിലെ സാഫ്രണ്‍ ആര്‍ട്ടുമായി സഹകരിച്ച് ബിനാലെ നാലാം ലക്കം നടക്കുമ്പോള്‍ കൊച്ചിയിലായിരുന്നു ലേലം.
Post Your Comments