മുംബൈ: വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ മുംബൈയില്‍ എത്തിയ കോണ്‍ഗ്രസ് നേതാവും കര്‍ണാടക മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ മുംബൈ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചയച്ചു.ശിവകുമാര്‍, എച്ച്.ഡി. കുമാരസ്വാമി എന്നിവരില്‍നിന്ന് ഭീഷണിയുള്ളതിനാല്‍ അവരെ തടയണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാര്‍ തന്നെ നല്കിയ പരാതി ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. എന്നാൽ ഹോട്ടലിന്റെ മുന്നില്‍ നിന്നും മാറാന്‍ തയാറാകാതെ മണിക്കൂറുകളോളം അവിടെ നിലയുറപ്പിച്ച ശിവകുമാറിനോട് തിരിച്ചുപോകാന്‍ പൊലീസ് കമീഷണര്‍ ആവശ്യപ്പെട്ടിരുന്നു.
ശിവകുമാര്‍ പിന്‍മാറില്ലെങ്കില്‍ സുരക്ഷ മുന്‍നിര്‍ത്തി അറസ്റ്റ് ചെയ്തു നീക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.ജെ.ഡി.എസ് എം.എല്‍.എ ശിവലിംഗ ഗൗഡക്കൊപ്പമാണ് ശിവകുമാര്‍ മുംബൈയിലെത്തിയത്. എന്നാല്‍ ഹോട്ടലിനകത്തേക്ക് ശിവകുമാറിനെ കടത്തേണ്ടതില്ലെന്നും അദ്ദേഹത്തോട് സംസാരിക്കാനില്ലെന്നുമാണ് വിമത എം.എല്‍.എമാര്‍ അറിയിച്ചത്. തങ്ങള്‍ ബി.ജെ.പിയിലേക്ക് പോയിട്ടില്ലെന്നും അവര്‍ അറിയിച്ചിരുന്നു. ഹോട്ടലിന് മുന്നില്‍ സുരക്ഷ ശക്തമാക്കാന്‍ മഹാരാഷ്ട്ര ആര്‍.പി.എഫിനെ വിന്യസിച്ചിരിക്കുകയാണ്.
ഏഴുമണിക്കൂറോളമാണ‌് ശിവകുമാര്‍ എംഎല്‍എമാരെ കാണാനായി ഹോട്ടലിനുമുന്നില്‍ ഇരുന്നത‌്. വിവരമറിഞ്ഞെത്തിയ മുന്‍ കേന്ദ്രമന്ത്രി മിലിന്ദ‌് ദേവ‌്‌രയെയും മഹാരാഷ്ട്ര മുന്‍മന്ത്രി നസിംഖാനെയും പൊലീസ‌് കസ്റ്റഡിയിലെടുത്ത‌് സ്ഥലത്തുനിന്ന‌് നീക്കി. പ്രദേശത്ത‌് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന‌് ഡി കെ ശിവകുമാറിനെ പൊലീസ‌് ബംഗളൂരുവിലേക്ക‌് തിരിച്ചയച്ചു. അതെ സമയം കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാവശയപ്പെട്ട‌് ബിജെപി സംസ്ഥാന പ്രസിഡന്റ‌് ബി എസ് യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ‌് വാലയ‌്ക്ക‌് കത്ത് നല്‍കി.
Post Your Comments