തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ വിശാല ലോകം തുറന്ന് നല്‍കിയ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുളള വിദ്യാഭ്യാസ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് ആയ ബൈജൂസ് ആപ്പിന് ഖത്തര്‍ സര്‍ക്കാരിന്റെ വന്‍ നിക്ഷേപം. 15 കോടി ഡോളറിന്റെ (1,000 കോടി രൂപ) നിക്ഷേമാണ് ബൈജൂസ് ആപ്പ് നേടിയെടുത്തത്. ഖത്തര്‍ സര്‍ക്കാരിന്റെ ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ (ക്യുഐഎ) നേതൃത്വത്തിലായിരുന്നു ഇത്തവണത്തെ നിക്ഷേപ റൗണ്ട്.
ഖത്തറില്‍ നിന്ന് കൂടി നിക്ഷേപം എത്തിയതോടെ കമ്പനിയുടെ ആകെ മൂല്യം 40,000 കോടി രൂപയിലെത്തിയെന്നാണ് സൂചന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബൈജൂസ് കമ്പനി 1,430 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. ഈ വര്‍ഷം അത് ഇരട്ടിയില്‍ ഏറെ ആകുമെന്നാണ് കണക്കാക്കുന്നത്. പുതുമകള്‍ സൃഷ്ടിക്കുന്നവര്‍ക്കിടയില്‍ നിക്ഷേപം നടത്താനുളള താല്‍പര്യമാണ് നിക്ഷേപത്തിന് പിന്നിലെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി സിഇഒ മന്‍സൂര്‍ അല്‍ അഹമ്മദ് പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് സ്വദേശിയാണ് ബൈജു രവീന്ദ്രന്‍. കര്‍ണാടകയിലെ ബാംഗ്ലൂര്‍ ആസ്ഥാനമായാണ് ബൈജൂസിന്റെ പ്രവര്‍ത്തനം. 2008 ല്‍ ബെംഗളൂരുവില്‍ ട്യൂഷന്‍ സെന്റായി ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് 2015 ലാണ് ലേണിങ് ആപ്പിലേക്ക് മാറിയത്. വന്‍ വളര്‍ച്ച കൈവരിച്ച ബൈജൂസ് ആപ്പ് ഫ്‌ളിപ്കാര്‍ട്ടിനും പേടിഎമ്മിനും ഒലയ്ക്കും പിന്നില്‍ രാജ്യത്തെ ഏറ്റവും മൂല്യമുളള നാലാമത്തെ സ്വകാര്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പനിയായിയായി മാറിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി 100 ശതമാനം വളര്‍ച്ചയാണ് നേടിയെടുത്തതെന്ന് കമ്പനി അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിദ്യാഭ്യാസ ഗെയിമുകള്‍ നിര്‍മിക്കുന്ന യുഎസ് കമ്പനിയായ ഓസ്‌മോയെ ബൈജൂസ് ഏറ്റെടുത്തിരുന്നു.
Post Your Comments