Latest NewsIndia

കർണാടകത്തിൽ കൂടുതൽ എംഎൽഎമാർ രാജിവെച്ചു: നാണം കെട്ട രാഷ്ട്രീയവുമായി കോൺഗ്രസ് നേതാക്കൾ – മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

കർണാടകത്തിൽ കൂടുതൽ ഭരണപക്ഷ എംഎൽഎമാർ രാജിവെക്കുന്നു. മുംബൈയിൽ തങ്ങുന്ന പത്ത് വിമത എംഎൽഎമാരെ ചാക്കിടാൻ ഇറങ്ങിപ്പുറപ്പെട്ട കർണാടക സംസ്ഥാന മന്ത്രി ഡികെ ശിവകുമാറും മറ്റൊരു എംഎൽഎയായ ജിടി ദേവഗൗഡയും 144 -ആം വകുപ്പനുസരിച്ചുള്ള നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായി. ചട്ടപ്രകാരം രാജി കത്ത് വേണമെന്ന സ്പീക്കറുടെ നിലപാടിൽ ഇടപെടാൻ കഴിയില്ലെന്ന് ഗവർണർ വാജുഭായ് വാല ബിജെപി നേതാക്കളോട് പറയുകയും ചെയ്തു. എന്നാൽ യഥാർഥത്തിൽ ജെഡിഎസ് -കോൺഗ്രസ് കൂട്ടുകക്ഷി സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടമായിക്കഴിഞ്ഞു. ഇപ്പോഴും എന്തെങ്കിലും മാജിക് നടക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും ജനതാദളും. അതിനായി അവർ ആശ്രയിക്കുന്നത് സ്പീക്കറുടെ ഓഫീസിനെയും. എന്നാൽ തങ്ങൾ നൽകിയ രാജിക്കത്ത് സ്വീകരിക്കാത്ത സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചു. നാളെ കോടതി ആ ഹർജി പരിഗണിക്കും എന്നാണ് സൂചനകൾ. അതിലേറെ രസകരം 12 ന് കർണ്ണാടക നിയസഭ സമ്മേളനം തുടങ്ങുകയാണ്; ഫിനാൻസ് ബിൽ അടക്കം പലതും സർക്കാരിന് പാസാക്കിയെടുക്കാനുണ്ട് എന്നാണ് സൂചന, എന്നാൽ ഭൂരിപക്ഷം നഷ്ടപ്പെട്ട സർക്കാരിന് എങ്ങിനെ നിയമസഭ നടത്താൻ കഴിയുമെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. രാജിവെക്കുകയല്ലാതെ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്ക് മുന്നിൽ മറ്റൊരു മാർഗവുമില്ല എന്നർത്ഥം.

പതിമൂന്ന് പേരാണ് നേരത്തെ രാജിവെച്ചിരുന്നത്. അതിന് പിന്നാലെ രണ്ടുപേർ, ബിഎസ്‌പി അംഗവും സ്വതന്ത്രനും, ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇന്നലെ വൈകീട്ട് റോഷൻ ബെയ്‌ഗ്‌ എന്ന മുതിർന്ന കോൺഗ്രസ് അംഗവും രാജിവെച്ചു. ഇന്നിപ്പോൾ രാജിവെച്ചത് രണ്ടുപേർ. നാഗരാജ്ജ്, ഡോ സുധാകർ എന്നിവർ . രണ്ടുപേരും രാജിക്കത്ത് സ്പീക്കർക്ക് നേരിട്ട് നൽകി. എന്നാൽ പിന്നീട് സുധാകറിനെ വിധാൻ സൗധയിൽ ഒരു മന്ത്രി തന്റെ മുറിയിൽ അടച്ചുപൂട്ടിയതായി വാർത്ത പരന്നു. അതോടെ എംഎൽഎമാരടക്കമുള്ള ബിജെപി നേതാക്കൾ അവിടെയെത്തി സത്യാഗ്രഹം തുടങ്ങി. അതായത് ഇന്നത്തെ നിലക്ക് ഭരണ സഖ്യത്തിന് 101 എംഎൽഎമാരുടെ പിന്തുണയെ ഉള്ളു. ബിജെപിക്കാവട്ടെ 107 എംഎൽഎമാരുടെ പിന്തുണയും.

ഇന്ന് രാവിലെ മന്ത്രി ഡികെ ശിവകുമാർ മുംബൈയിൽ എത്തിയതോടെയാണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കം. വിമത എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിൽ റൂം ബുക്ക് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാണ് അവിടേക്ക് മന്ത്രി എത്തുന്നത്. എംഎൽഎമാരെ കാണാനാണ്, സ്വാധീനിക്കാനാണ് ശ്രമമെന്ന് വ്യക്തം. അവരിൽ പലരും ശിവകുമാറിനോട് അടുപ്പമുള്ളവരുമാണ്. എന്നാൽ കൂടിക്കാഴ്ചക്ക് താല്പര്യമില്ലെന്നും അത് അനുവദിക്കില്ലെന്നും വിമത എംഎൽഎമാർ നിലപാടെടുത്തു. മാത്രമല്ല തങ്ങളെ ഭീഷണിപ്പെടുത്താനാണ് ശിവകുമാറിന്റെ നീക്കമെന്നും അത് തടയണം എന്ന് അവർ മുംബൈ പൊലീസിന് പരാതിയും കൊടുത്തു. അതിനെത്തുടർന്നാണ് ഹോട്ടലിന് മുന്നിൽ പോലീസിനെ വിന്യസിച്ചത്. മാത്രമല്ല, മന്ത്രിക്ക് അവിടെ റൂം കൊടുക്കാൻ ഹോട്ടലുകാർ മടിക്കുകയും ചെയ്തു. ഇത് രണ്ടും ശിവകുമാർ പ്രതീക്ഷിച്ചിരിക്കില്ല. അതോടെ മുംബൈ കോൺഗ്രസ് അധ്യക്ഷനായിരുന്ന മിലിന്ദ് ദിയോറ അടക്കമുള്ള കോൺഗ്രസുകാരും സ്ഥലത്തെത്തി പ്രതിഷേധം തുടങ്ങി; മറുപുറത്ത് വിമത എംഎൽഎമാരെ അനുകൂലിക്കുന്നവരും അണിനിരന്നു. മുദ്രാവാക്യം വിളി, കൂക്കി വിളി ഒക്കെയായി …………. കര്ണാടകത്തിലെ മന്ത്രി മുംബൈയിൽ വന്ന്‌ ഹോട്ടലിന് മുന്നിൽ പൊതുനിരത്തിൽ സമരം തുടങ്ങിയപ്പോൾ പോലീസിനും പ്രശ്നമായി. അതോടെ സംഘർഷം നിയന്ത്രിച്ചേ തീരൂ എന്നതായി അവസ്ഥ. അങ്ങിനെയാണ് 144 പ്രഖ്യാപിച്ചതും ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് തടഞ്ഞതും; സംഘർഷ സ്ഥലത്ത് നിന്ന് മന്ത്രി പിരിഞ്ഞുപോകാൻ തയ്യാറാവാതെ വന്നപ്പോൾ അറസ്റ്റ് ചെയ്യേണ്ടിവന്നു. മന്ത്രിയെയും എംഎൽഎയെയും ഒരു ഗസ്റ്റ് ഹൌസിലാണ് താമസിപ്പിച്ചിരിക്കുന്നത്.നാളെ നിയമസഭാ ചേരുമ്പോൾ ശിവകുമാറും സുഹൃത്തും അവിടെയുണ്ടാവുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

ഇവിടെ യഥാർഥ പ്രശ്നം കോൺഗ്രസിലും ജനതാദളിലും ഉള്ള ആശയക്കുഴപ്പങ്ങളും ഭിന്നതകളുമാണ്. അവർക്ക് ആർക്കും ആരെയും വിശ്വാസമില്ലാതായി. മുൻപൊക്കെ അവർക്ക് ഒരു ഹൈക്കമാൻഡ് ഉണ്ടായിരുന്നു. ഒരു മാസത്തിലേറെയായി, രാഹുൽ ഗാന്ധി രാജിവെച്ചത് മുതൽ, ഒരു പ്രസിഡന്റ് ഇല്ലാത്ത അവസ്ഥയിലായി കോൺഗ്രസ്. ആരൊക്കെയോ എന്തൊക്കെയോ ചെയ്യുന്നു; അത്രതന്നെ. അതിനപ്പുറമാണ് ജെഡിഎസിലെ കാര്യങ്ങൾ. ദേവഗൗഡയുടെ മൂന്ന് മക്കൾ തമ്മിൽ ഭിന്നതയാണ്; അവരെയൊക്കെ മന്ത്രിസഭയിലെടുത്താണ് ‘കാരണവർ’ പ്രശ്നം തല്ക്കാലം പരിഹരിച്ചത്. പക്ഷെ ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് എച്ച് വിശ്വനാഥ് പോലും പാർട്ടി ചുമതല ഒഴിഞ്ഞു; അദ്ദേഹവും വിമത പക്ഷത്താണ് ഇപ്പോൾ. സ്വന്തം പാർട്ടി പ്രസിഡന്റിനെ പോലും വിശ്വാസത്തിലെടുക്കാൻ കുമാരസ്വാമിക്ക് കഴിഞ്ഞില്ല എന്നതല്ലേ അത് കാണിച്ചുതരുന്നത്. കർണാടകത്തിലെ പിസിസി നേരത്തെ പിരിച്ചുവിട്ടിരുന്നു. ഇപ്പോൾ അവിടെയുള്ളത് സംസ്ഥാന പ്രസിഡന്റും വർക്കിങ് പ്രസിഡന്റും മാത്രം. പിരിച്ചുവിടപ്പെട്ട പിസിസി ഭാരവാഹികൾ അടക്കമുള്ളവർ അസംതൃപ്തരാണ്. തിരഞ്ഞെടുപ്പ് പരാജയത്തിന് എന്തിനാ തങ്ങളെ ബലിയാടാക്കിയത് എന്നതാണ് അവർ ചോദിക്കുന്നത്. പാർട്ടി തോറ്റതിന് കാരണം അവിഹിത സഖ്യവും അതിന് ജനങ്ങൾക്കിടയിൽ നിന്നുണ്ടായ എതിർപ്പുമാണ്……… അത് നേതൃത്വം തിരിച്ചറിയുന്നില്ല എന്നവർ കരുതുന്നു. അതിന്റെയൊക്കെ ബാക്കിയാണ് ഇപ്പോൾ എംഎൽഎമാർ എടുക്കുന്ന കടുത്ത നിലപാട്.

ഇപ്പോൾ എംഎൽഎമാർ മാത്രമല്ല ബിജെപി പക്ഷത്തേക്ക് വരാൻ തയ്യാറാവുന്നത്; ആയിരക്കണക്കിന് കോൺഗ്രസ്- ജെഡിഎസ് നേതാക്കളും പ്രവർത്തകരുമുണ്ട്. അവരുടെ പ്രാദേശിക നേതാക്കൾ അനവധി അടുത്തകാലത്ത് ബിജെപിയിൽ ചേർന്നിരുന്നു. തീർച്ചയായും അതും എംഎൽഎമാർക്ക് മേലിൽ വലിയ സമ്മർദ്ദമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ ബിജെപി മെമ്പർഷിപ് പ്രവർത്തനം നടത്തുകയാണ്; അതിനൊപ്പം ആയിരങ്ങളെ ചേർക്കാൻ പ്രാദേശിക തലത്തിൽ ബിജെപിക്കാവുന്നുണ്ട്. ഇത് യഥാർഥത്തിൽ കോൺഗ്രസിന്റെ അടിത്തറ തോണ്ടുന്നതിന് സമാനമാണ്.

മറ്റൊന്ന്, സംസ്ഥാന കോൺഗ്രസിലെ ഭിന്നതകളാണ്. സിദ്ധരാമയ്യയും ശിവകുമാറുമാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനിമാർ. ജി പരമേശ്വരയാണ് ഉപ മുഖ്യമന്ത്രി; പരമേശ്വരയെ നിയോഗിച്ചത് പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളയാൾ എന്ന നിലക്കാണ്. അദ്ദേഹത്തെ ആരും അംഗീകരിക്കുന്നുമില്ല. ഇതിനു പുറമെയാണ് പിസിസി പ്രസിഡന്റ് ഗുണ്ടുറാവു. വീരപ്പ മൊയ്‌ലി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ താപ്പാനകൾ . ഇവർക്കൊക്കെ മുഖ്യമന്ത്രി കസേരയിൽ താല്പര്യങ്ങളുണ്ട്. ഇപ്പോൾ തന്നെ ഡികെ ശിവകുമാർ മുംബൈയിൽ ചെന്ന് ഹോട്ടലിന് മുന്നിൽ സത്യഗ്രഹം നടത്തിയത് പാർട്ടിയിലുള്ള പിന്തുണയും അംഗീകാരവും വർധിപ്പിക്കാൻ കൂടിയാണ് എന്നത് മറു ഗ്രൂപ്പുകൾ തുറന്നു പറഞ്ഞിരുന്നുവല്ലോ. ഒരു എംഎൽഎയെ എങ്കിലും തിരികെ പിടിക്കാൻ കഴിഞ്ഞാൽ അദ്ദേഹത്തിന്റെ നിലവാരം ഉയരുമായിരുന്നു എന്ന് കരുതിയവർ കർണാടകത്തിലെ കോൺഗ്രസിലുണ്ട്. ശിവകുമാർ ഈ കലങ്ങിയ രാഷ്ട്രീയത്തിനിടയിലൂടെ കർണാടകയിലെ മുഖ്യ നേതാവായി വളരാനുള്ള തയ്യാറെടുപ്പിലാണ് എന്നർത്ഥം. മുൻപേതന്നെ അദ്ദേഹം രാഹുൽ ഗാന്ധിയുടെ വിശ്വസ്തനാണ്. രാഹുലിന് വേണ്ടി ആവശ്യാനുസരണം പണം എത്തിച്ചിരുന്നത് അദ്ദേഹമാണ് എന്നത് കോൺഗ്രസുകാർ തന്നെ സമ്മതിച്ചിരുന്നതാണല്ലോ.

ഇനിയെന്ത് എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 12 ന് നിയസഭ ചേരുകയാണ്. അന്ന് ഭൂരിപക്ഷമില്ലാത്ത സർക്കാർ എങ്ങിനെ സഭയെ അഭിമുഖീകരിക്കും ?. ഇത്രയേറെ ഭരണപക്ഷ എംഎൽഎമാർ രാജിക്കത്ത് നല്കിക്കഴിഞ്ഞ സ്ഥിതിക്ക് അതൊക്കെ സ്പീക്കർക്ക് കണക്കിലെടുക്കാതിരിക്കാൻ കഴിയുമോ?. എങ്ങിനെ ഫിനാൻസ് ബിൽ അടക്കം പാസാക്കും? മുൻപ് ഉത്തരാഖണ്ഡിൽ സ്പീക്കറെ ഉപയോഗിച്ച് ഇല്ലാത്ത ഭൂരിപക്ഷം ഉണ്ടെന്ന് വരുത്തിത്തീർത്ത പാരമ്പര്യം കോൺഗ്രസിനുണ്ട്. അത് ഇവിടെ ആവർത്തിക്കുമോ? എന്തായാലും നാണം കേട്ട ദിനങ്ങൾ ആണ് ബാംഗ്ലൂരിൽ നാം കാണുന്നത്. അധികാരം നഷ്ടപ്പെട്ടവർ രാജിവെച്ചൊഴിഞ്ഞ എംഎൽഎമാരെ മന്ത്രിയുടെ മുറിയിൽ വെച്ച് പൂട്ടുന്ന അവസ്ഥപോലും ഉണ്ടായിരിക്കുന്നു……. നിയമസഭാ ചേരുന്നതിന് മുൻപ് കുമാരസ്വാമി രാജിക്കത്ത് നൽകണം എന്നതാണ് ബിജെപി നിലപാട്. എന്നാൽ കാര്യങ്ങൾ അവിടെക്കൊന്നുമല്ല നീങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button