ന്യൂഡല്‍ഹി: മരടിലെ അപ്പാര്‍ട്ട്മെന്റുകള്‍ പൊളിക്കണമെന്ന വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ചേംബറില്‍ ഉച്ചക്ക് 1.40നായിരിക്കും ഹര്‍ജികള്‍ പരിഗണിക്കുക. അപ്പാര്‍ട്ട്മെന്റ് നിര്‍മാതാക്കളാണ് വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കണമെന്ന വിധിക്കെതിരെ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസില്‍ ഹാജരായ അഭിഭാഷകരെ രൂക്ഷമായി വിമര്‍ശിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു കൊണ്ടാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് റിട്ട് ഹര്‍ജി തള്ളിയത്. കക്ഷികളും മുതിര്‍ന്ന അഭിഭാഷകരും കോടതിയില്‍ തട്ടിപ്പ് നടത്താനാണ് ശ്രമിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി. ഒരു കോടതിയും മരട് ഫ്ളാറ്റ് വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കരുതെന്നും കോടതി ഉത്തരവിട്ടു.
ഇതിന് പിന്നില്‍ ആരൊക്കെയാണെന്ന് അറിയാമെന്നും കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമമാണ് നടന്നതെന്നും കോടതി പറഞ്ഞു. പരിഗണിക്കാന്‍ ഒന്നിലധികം തവണ വിസമ്മതിച്ച കേസ് മറ്റൊരു ബെഞ്ചിന് മുമ്പില്‍ ഉന്നയിച്ചത് ധാര്‍മികതയ്ക്ക് നിരക്കാത്തതാണ്. പണം ലഭിച്ചാല്‍ അഭിഭാഷകര്‍ക്ക് എല്ലാമായോ എന്നും ഇവര്‍ക്ക് പണം മാത്രം മതിയോ എന്നും ചോദിച്ച കോടതി ഇനിയും ആവര്‍ത്തിച്ചാല്‍ അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
തീരദേശ സംരക്ഷണ നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഫ്‌ളാറ്റ് ഉടമകളുടെ അഭിപ്രായം കേള്‍ക്കാതെയാണ് ഈ വിധിയെന്ന് കാട്ടിയാണ് വിധിക്കെതിരെ റിട്ട് ഹര്‍ജി നല്‍കിയത്. ഇതാണ് ഇപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്.
Post Your Comments