തൃശൂർ: വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് താൽക്കാലിക വിരാമമിട്ട് ബിനോയ് കോടിയേരി ഗുരുവായൂർ ക്ഷേത്ര നടയിൽ ദർശനം നടത്തി. അതീവ രഹസ്യമായിട്ടായിരുന്നു ബിനോയ് ക്ഷേത്രത്തിലെത്തിയത്.
ഇന്ന് പുലർച്ചെ മൂന്ന് മണിയ്ക്ക് നിർമ്മാല്യ സമയത്തായിരുന്നു ബിനോയ് ദർശനത്തിനായി എത്തിയത്.വളരെ പെട്ടെന്നു തന്നെ വഴിപാടുകൾ പൂർത്തിയാക്കി ക്ഷേത്രത്തിൽ നിന്ന് ബിനോയ് മടങ്ങുകയും ചെയ്തു. ബലാത്സംഗ കേസിൽ പ്രതിയാണ് ബിനോയ് കോടിയേരി. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ കോടതി ബിനോയ്ക്ക് മുൻകൂർ ജാമ്യം നൽകിയത്. ജാമ്യം ലഭിച്ചതോടെ ഒളിവിലായിരുന്ന ബിനോയ് മുംബൈയിലെത്തി പോലീസിന് മുൻപാകെ ചോദ്യം ചെയ്യലിന് വിധേയമായിരുന്നു.
വിവാഹ വാഗ്ദാനം നൽകി ബീഹാർ സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. കുട്ടി ബിനോയിയുടേതാണെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന വേണമെന്നാണ് ലൈംഗിക പീഡന പരാതി ഉന്നയിച്ച ബിഹാര്‍ സ്വദേശി യുവതിയുടെ ആവശ്യം. അതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമായ തീരുമാനം എടുക്കാമെന്ന് കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ ബിനോയ് കോടിയേരിയെ ചോദ്യം ചെയ്ത ശേഷമായിരിക്കും ഡിഎൻഎ പരിശോധന അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കുക. യുവതി ഹാജരാക്കിയ തെളിവുകളിൽ ബിനോയ് കോടിയേരിയുടെ വിശദീകരണം വിശദമായി പൊലീസ് രേഖപ്പെടുത്തും.
Post Your Comments