Latest NewsIndia

രാജ്യം നടുങ്ങിയ ചാവേര്‍ സ്‌ഫോടനം; ഇരുപത്തേഴു വര്‍ഷത്തെ ജയില്‍വാസം, നളിനി ഇന്ന് പുറംലോകം കാണും

വെല്ലൂര്‍: ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ഇന്നു ജയിലിനു പുറത്തേക്ക്. പരോള്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ നേരിട്ടു ഹാജരായി വാദിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. 1991 മേയ് ഇരുപത്തിയൊന്നിന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിച്ച കേസിലെ പ്രതിയാണ് നളിനി.

ഇരുപത്തിയേഴ് കൊല്ലത്തിനിടെ 2016 ല്‍ പിതാവിന്റെ മരണാനന്തര ചടങ്ങിനു വേണ്ടി ഒരു ദിവസം മാത്രമാണ് നളിനി ജയിലിനു പുറത്തിറങ്ങിയിട്ടുള്ളത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് നളിനിയെ ഹാജരാക്കാനാണ് വെല്ലൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജീവപര്യന്തം തടവനുഭവിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരുമാസത്തെ പരോളിന് അവകാശമുണ്ട്. എന്നാല്‍ 27 വര്‍ഷമായി പരോള്‍ ലഭിച്ചിട്ടില്ലെന്നാണ് നളിനിയുടെ പരാതി. ജയില്‍ സുപ്രണ്ടിനു നല്‍കിയ അപേക്ഷയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. മുന്‍കരുതല്‍ നടപടിയായി മദ്രാസ് ഹൈക്കോടതിക്കും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

സുപ്രീംകോടതിയും ശരിവച്ച വധശിക്ഷ രാജീവിന്റെ വിധവ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ല്‍ തമിഴ്‌നാടു സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചു. അറസ്റ്റിലായതു മുതല്‍ 27 വര്‍ഷമായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നളിനി. ജയിലില്‍ വച്ചുണ്ടായ മകള്‍ അരിത്രയുടെ വിവാഹത്തില്‍ പങ്കെടുത്താന്‍ ആറുമാസത്തെ പരോള്‍ ചോദിച്ചാണ് ഹൈക്കോടതി സമീപിച്ചത്. സ്വയം വാദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ എതിര്‍പ്പുകള്‍ മറികടന്നു കോടതി അനുവദിച്ചതോടെയാണ് മൂന്നുകൊല്ലത്തിനു ശേഷം നളിനി പുറംലോകം കാണുന്നത്.

shortlink

Post Your Comments


Back to top button