തിരുവനന്തപുരം: വെച്ചൂര്‍ പശുക്കള്‍ പോലെയുള്ള നമ്മുടെ നാടന്‍ പശുക്കളുടെ നല്ലകാലം വരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ടൂറിസം പദ്ധതിയായി നാടന്‍ പശുക്കളെയും ടൂറിസത്തിന്റെ ഭാഗമാക്കി -കൗ സര്‍ക്യൂട്ട് ‘ എന്നൊരു പദ്ധതിയൊരുങ്ങുന്നു. പുതുതായി ആരംഭിച്ച രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതിയും ഒരുങ്ങുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ ഇന്ത്യയിലെ മൃഗസംരക്ഷണത്തെ കുറിച്ചും, പശുപരിപാലനത്തെ കുറിച്ചും അറിയാനാഗ്രഹിക്കുന്നവരെ കര്‍ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നതാണ് ഈ പദ്ധതി. വിദേശ രാജ്യങ്ങളില്‍ മൃഗപരിപാലനത്തെ കുറിച്ച് ഗവേഷണം ചെയ്യുന്നവര്‍ക്ക് ഈ പദ്ധതി ഏറെ ഗുണകരമായിരിക്കും.
രാജ്യത്തെ എട്ട് സംസ്ഥാനങ്ങളെയാണ് കൗ സര്‍ക്യൂട്ട് പദ്ധതിയിലേക്ക് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തെ കൂടാതെ ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക , ഗോവ എന്നീ സംസ്ഥാനങ്ങളെ ഏകോപിച്ചാണ് കേന്ദ്രം ഈ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ പശുക്കളെക്കുറിച്ച് വിദേശ സര്‍വകലാശാലകളില്‍ ഗവേഷണം വരെ നടക്കാറുണ്ട്. പഠിക്കാന്‍ വിദേശികള്‍ ഈ സംസ്ഥാനങ്ങളിലേക്ക് ഒക്കെ യാത്ര ചെയ്യാറുമുണ്ട്. ഈ സാധ്യതകള്‍ മനസിലാക്കിയാണ് കേന്ദ്ര ടൂറിസം വകുപ്പിന്റെ പദ്ധതി.
പശുപരിപാലനം ജീവിത മാര്‍ഗമാക്കിയവരുടെ വരുമാന വര്‍ധനവു കൂടിയാണ് ‘ കൗ സര്‍ക്യൂട്ട്’ പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ക്ഷേത്രങ്ങളിലെ ഗോശാലകളും ആയൂര്‍വേദ ചികില്‍സാ കേന്ദ്രങ്ങളെ പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്കും നാടന്‍ വലിയ പശുപരിപാലന കേന്ദ്രങ്ങളുള്ളവര്‍ക്കും ഇനി ഇതുവഴി ടൂറിസം സാധ്യതകള്‍ തുറക്കുകയാണ്.
ആദ്യഘട്ടത്തില്‍ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളില്‍ നാനൂറ് പശു ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പശു പരിപാലന കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനായി കര്‍ഷകര്‍ക്ക് ഉദാര വ്യവസ്ഥകളോടെ വായ്പ ലഭ്യമാക്കും. വന്‍ പദ്ധതികള്‍ക്ക് രണ്ട് കോടിവരെ ഇത്തരത്തില്‍ സാമ്പത്തിക സഹായം ലഭ്യമാക്കും. ഇതുവഴി ഗോസംരക്ഷണത്തിന് കൂടുതല്‍ പേര്‍ തയാറാകുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നു.
Post Your Comments