വര്‍ഷങ്ങളായി ചോര്‍ന്നൊലിച്ച് ഒരു പുസ്തകശാല; നടപടിയെടുക്കാത്തതിന് വിശദീകരണവുമായി കേരള ഹൗസിങ് ബോര്‍ഡ്

എറണാകുളം: റവന്യൂ ടവറിനകത്ത് പ്രവര്‍ത്തിക്കുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകശാലയുടെ മുകള്‍ഭാഗം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് വഷങ്ങളാകുന്നു. പല തവണ പരാതി നല്‍കിയിട്ടും കെട്ടിടത്തിന്റെ ഉടമസ്ഥരായ കേരള ഹൗസിംഗ് ബോര്‍ഡ് അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നാണ് പരാതി.

ഹൗസിംഗ് ബോര്‍ഡിന്റെ ഉടമസ്ഥതയിലെ കെട്ടിടത്തില്‍ വാടകയ്ക്കാണ് പുസ്തകശാല പ്രവര്‍ത്തിക്കുന്നത്. 2016 മുതല്‍ പരാതി നല്‍കിയിട്ടും അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്നാണ് പരാതി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരാതി കിട്ടിയിട്ടുണ്ടെന്നും അത് പരിഹരിക്കാനുള്ള നടപടികള്‍ ഉടനുണ്ടാകുമെന്നും ഹൗസിംഗ് ബോര്‍ഡ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

റവന്യൂ ടവറിന്റെ ഏറ്റവും താഴത്തെ നിലയിലാണ് കേരളഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകശാല പ്രവര്‍ത്തിക്കുന്നത്. ഗവേഷണ, വൈജ്ഞാനിക പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണിവിടെയുള്ളത്. എന്നാല്‍ പുസ്തകശാലയുടെ മുകള്‍ഭാഗത്ത് നിന്ന് അഴുക്കുവെള്ളം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നിരവധി പുസ്തകങ്ങള്‍ നനഞ്ഞ് നാശമായി. വേണ്ടത്ര ഫണ്ട് ലഭിക്കാത്തതും വിദഗ്ധരായ തൊഴിലാളികളെ കിട്ടാത്തതുമാണ് നിലവിലെ തടസ്സമെന്നും ഹൗസിംഗ് ബോര്‍ഡ് വിശദീകരിക്കുന്നു.

Share
Leave a Comment