ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ തന്നെ മാപ്പു സാക്ഷിയാക്കണമെന്നാവശ്യപ്പെട്ടുള്ള ഇന്ദ്രാണിയുടെ ഹര്‍ജി കോടതി അംഗീകരിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇന്ദ്രാണി സമ്മതിച്ചതായും മാപ്പുസാക്ഷിയാകാന്‍ തയ്യാറാണെന്ന് അറിയിച്ചതായും സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. 2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎന്‍എക്‌സ് മീഡിയ വേണ്ടി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചെന്നാണ് കേസ്.
മുന്‍ ധനമന്ത്രി പി ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും ഈ അഴിമതിക്കേസില്‍ പ്രതികളാണ്. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ ചട്ടപ്രകാരം ഇവരുടെ കമ്പനിക്ക് 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ അര്‍ഹതയുള്ളൂ. ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ആയിരുന്നു ഐഎന്‍എക്‌സ് മീഡിയയുടെ ഉടമകള്‍. അനധികൃതമായി വിദേശനിക്ഷേപം സ്വീകരിച്ചതില്‍ ഇവര്‍ക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഇതോടെ ഇന്ദ്രാണിയും പീറ്ററും നോര്‍ത്ത് ബ്ലോക്കിലെ ചിദംബരത്തിന്റെ ഓഫീസിലെത്തി സഹായം തേടി.
മകന്‍ കാര്‍ത്തിയുടെ ബിസിനസ്സിനെ സഹായിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു ചിദംബരം മറുപടി നല്‍കിയതെന്ന് സിബിഐ പറയുന്നത്.ഇന്ദ്രാണി മുഖര്‍ജി മാപ്പുസാക്ഷിയായതോടെ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ദില്ലിയിലെ ഹോട്ടല്‍ ഹയാത്തില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിഫലമായി കാര്‍ത്തി ഒരു കോടി ഡോളര്‍ കൈപറ്റി. തുക കാര്‍ത്തിയുടെ വീട്ടിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളില്‍ സിബിഐ പിടിച്ചെടുത്തിരുന്നു. കേസില്‍ ഈ മാസം 11ന് കോടതി വീണ്ടും വാദം കേള്‍ക്കും.
Post Your Comments