കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്‍റെ നിർമ്മാണത്തിൽ വീഴ്ചകൾ സംഭവിച്ച വിഷയത്തിൽ ഇന്ത്യൻ റോഡ് കോൺഗ്രസിന്‍ സഹായം തേടി വിജിലൻസ്.നിർമാണത്തിലെ പാളിച്ചകൾ കണ്ടെത്താൻ വിദഗ്ധരുടെ സഹായത്തോടെ വിജിലൻസ് സംഘം വീണ്ടും മേൽപ്പാലം പരിശോധിച്ചു.
അനുബന്ധ മേഖലകളിലെ കൂടുതൽ വിദഗ്ദ്ധരെ ഉൾപ്പെടുത്തിയായിരുന്നു വിജിലൻസ് സംഘം വീണ്ടും പരിശോധനയ്‌ക്കെത്തിയത്. തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസർ, വിജിലൻസ് എക്സിക്യൂട്ടീവ് എൻജിനീയർ, ഡിസൈൻസിലെ ഐ ടി ഡയറക്ടർ എന്നിവർ ഉൾപ്പെട്ട സംഘമാണ് മേൽപ്പാലത്തിൽ പരിശോധന നടത്തിയത്. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനിൽ നിന്ന് പിടിച്ചെടുത്ത രേഖകളുടെ ഉൾപ്പെടെ പരിശോധനകൾ നടക്കുകയാണ്.
കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ബലക്ഷയം സംബന്ധിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായാണ് തുടർ പരിശോധന നടത്തിയത്. ശനിയാഴ്ച വിജിലൻസ് വീണ്ടും പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കും.
അഴിമതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്കും അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
മേൽപ്പാലം അഴിമതിയിൽ എൽഡിഎഫ് നടത്തുന്ന സമരങ്ങൾക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി എം എം മണിയും പാലം സന്ദർശിച്ചു. വിദഗ്ധ സംഘത്തിന്‍റെ റിപ്പോർട്ട് കിട്ടിയ ശേഷം സർക്കാർ ഉചിതമായ നടപടി എടുക്കുമെന്ന് മന്ത്രി എം എം മണിയും പറഞ്ഞു
Post Your Comments