തൃശൂര്‍: ന്യൂമോണിയ ബാധിച്ച് എട്ടുവയസുകാരന്‍ മരിച്ചത് ഡോക്ടറുടെ അശ്രദ്ധമൂലമാണെന്ന ആരോപണവുമായി കുടുംബം. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലാണ് സംഭവം. നടവരമ്പ് സ്വദേശി ഷിബുവിന്റെ മകന്‍ ശ്രീറാമാണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്. സംഭവത്തില്‍ നിയമ നടപടിക്കൊരുങ്ങുകയാണ് കുടുംബം.
കഴിഞ്ഞ മാസം 18 നാണ് പനിയുടെ ലക്ഷണങ്ങളോടെ ശ്രീറാമിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അഞ്ചാംപനിയാണെന്ന് വിലയിരുത്തിയ ഡോക്ടര്‍ ഷാജി ജേക്കബ് മരുന്ന് കുറിച്ചു നല്‍കി. പനിയും ശര്‍ദ്ദിയും മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം വീണ്ടും ഡോക്ടറെ സമീപിച്ചെങ്കിലും സ്‌കാന്‍ എടുക്കാനായിരുന്നു മറുപടി.
സ്‌കാനിംഗിലൂടെയാണ് കുട്ടിക്ക് ന്യൂമോണിയയാണെന്നും ശ്വാസകോശത്തില്‍ അണുബാധ ഉണ്ടെന്നും വ്യക്തമായത്. അതീവ ഗുരുതരാവസ്ഥയിലായ ശ്രീറാമിനെ ഉടന്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍ക്ക് രോഗ നിര്‍ണയത്തിലുണ്ടായ പിഴവ് മൂലമാണ് മകന്‍ മരിച്ചതെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.
എന്നാല്‍, രോഗ നിര്‍ണയത്തില്‍ തങ്ങളുടെ ഭാഗത്തു നിന്നും പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചികിത്സ തേടിയെത്തുമ്പോള്‍ ശ്രീറാമിന് ന്യൂമോണിയ ലക്ഷണങ്ങളില്ലെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ചികിത്സക്കായി അഡ്മിറ്റ് ചെയ്യാനുള്ള നിര്‍ദേശം രക്ഷിതാക്കള്‍ പാലിച്ചില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും കേസെടുത്തിട്ടില്ലെന്നും ഇരിങ്ങാലക്കുട ഡിവൈഎസ്പി വ്യക്തമാക്കി.
Post Your Comments