തിരുവനന്തപുരം : നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ വാഗമണ്‍ സ്വദേശി കുമാര്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദികളായ പൊലീസുകാരെ പിരിച്ചുവിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനും പൊലീസ് സേനയ്ക്ക് തന്നെയും അപമാനകരമായ സംഭവമാണ് ഇതെന്നും ലോക്കപ്പിനകത്തു തല്ലുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന പൊലീസുകാര്‍ ഇനി സര്‍വീസില്‍ ഉണ്ടാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ സ്വീകരിച്ച നടപടി മുന്‍ എസ്‌ഐ ഉള്‍പ്പെടെ 8 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതും മുന്‍ സിഐ ഉള്‍പ്പെടെ 5 പേരെ സ്ഥലം മാറ്റിയതും മാത്രമാണ്. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുമുണ്ട്. എന്നാല്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികളൊന്നുമെടുത്തിട്ടില്ല. ജയില്‍ ഡിജിപി ഋഷി രാജ് സിങ്ങിനെതിരെയും കഴിഞ്ഞ ദിവസങ്ങളില്‍ ആക്ഷേപമുയര്‍ന്നിരുന്നു.
അതുകൊണ്ടു തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കുന്ന കാര്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു കൂടി ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും അതും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതേ സമയം ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍, കട്ടപ്പന മുന്‍ ഡിവൈഎസ്പി: പി.പി. ഷംസ് എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.
രണ്ടു ദിവസത്തിനുള്ളില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണു വിവരം. സിബിഐ അന്വേഷണം വേണമെന്നു കുമാറിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ കണ്ടതില്‍ കുടുംബം പൂര്‍ണ തൃപ്തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്റ്റഡി മരണം നിയമസഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തിയത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
Post Your Comments