തിരുവനന്തപുരം : കേരളത്തില്‍ വെച്ചു കാണാതായ ജര്‍മ്മന്‍ വനിത ലിസ വെയ്‌സിന്റെ തിരോധാനത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹോദരി കരോളിന്‍. കേരളത്തിലേക്കുള്ള ലിസയുടെ യാത്ര ശാന്തി തേടിയായിരുന്നുവെന്നും, ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെപ്പറ്റി വ്യക്തമായ വിവരങ്ങളില്ലായിരുന്നുവെന്നും കരോളിന്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പ് തിരുവനന്തപുരത്തുവെച്ച് കൊല്ലപ്പെട്ട ലാറ്റ്വിയന്‍ സ്വദേശിനി ലിഗയുടെ സഹോദരി ഇല്‍സയുമായി നടത്തിയ സംഭാഷണത്തിലാണ് കരോളിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കരോളിന് ഇംഗ്ലീഷ് ഭാഷ വശമില്ലാത്തതിനാല്‍ ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന സുഹൃത്തിന്റെ സഹായത്തോടെയാണ് ഇല്‍സ ഇക്കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. കേരളത്തിലെ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ലിസ വെയ്‌സിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയാണ് ഇല്‍സ. കരോളിനുമായി സംസാരിച്ച ശേഷം ഇല്‍സ പങ്കുവെച്ച കാര്യങ്ങള്‍ ഇങ്ങനെ.
ഏകദേശം 8 വര്‍ഷം മുമ്പാണ് ജര്‍മ്മന്‍ സ്വദേശിനിയായ ലിസ വെയ്‌സ് ഇസ്ലാം ആശയങ്ങളില്‍ ആകൃഷ്ടയായി മതം മാറുന്നത്. തുടര്‍ന്ന് മുസ്ലീം വിശുദ്ധ കേന്ദ്രങ്ങളിലൂടെയുള്ള യാത്രകളിലൊന്നില്‍ കയ്‌റോയില്‍ വെച്ചാണ് ലിസ തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ലിസയ്ക്ക് രണ്ടു കുട്ടികളുമുണ്ട്. ഇതിനിടെ ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായി കരോളിന്‍ പറയുന്നു. ഇക്കാലമത്രയും ലിസ കുടുംബാംഗങ്ങളുമായി കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല. മുസ്ലീം മതത്തിലേക്ക് ലിസ മാറുന്നതിനോട് കുടുംബാംഗങ്ങള്‍ക്ക് അനുകൂലമായ നിലപാടായിരുന്നില്ലത്രേ.
അമേരിക്കയിൽ നിന്ന് തിരികെയെത്തിയ ശേഷം രണ്ടു വർഷത്തോളം ബെർലിനിലും സ്വീഡനിലുമായാണ് ലിസ കഴിഞ്ഞത്.
താന്‍ തിരഞ്ഞെടുത്ത വഴികളെല്ലാം തെറ്റെന്ന് ചിന്തയുണ്ടായതോടെ ലിസ മാനസികമായ തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് കരോളിന്‍ പറയുന്നു. ആത്മശാന്തി തേടിയാണ് ഇന്ത്യയിലേക്ക് എത്തിയത്. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലേക്ക് എത്തിയതും അങ്ങിനെയാണ്.
കുട്ടികളെ ഭർതൃമാതാവിനൊപ്പം അമേരിക്കയിലേക്ക് അയച്ച ശേഷമാണ് ലിസ ഇന്ത്യയിലേക്ക് പോകുന്നത്. ഇതിനു മുമ്പ് 2011ലും ലിസ അമൃതപുരിയിൽ എത്തിയിരുന്നു. അന്ന് മടങ്ങിയെത്തിയ ശേഷമാണു ഇസ്ലാമിലേക്ക് ലിസ മതം മാറിയത്
യു.കെ സ്വദേശിയ്‌ക്കൊപ്പം ഇന്ത്യയിലേക്കുള്ള യാത്രയെപ്പറ്റി ലിസ സഹോദരിയോട് പറഞ്ഞിരുന്നു. മാര്‍ച്ച് അഞ്ചിനാണ് ലിസ അവസാനമായി അമേരിക്കയിലുള്ള മകനോട് സംസാരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ യു കെ സ്വദേശിക്കൊപ്പം ലിസ ഇന്ത്യയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
ഇതിനിടെ കരോളിനെ വിളിച്ച് താന്‍ കേരളത്തിലേക്ക് പോവുകയാണെന്നും, അമൃതാനന്ദമയീ അശ്രമത്തില്‍ കുറച്ചു ദിവസം ചിലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞിരുന്നു. വരുന്ന കുറച്ചു ദിവസത്തേക്ക് ഒറ്റയ്ക്കു കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും ലിസ കരോളിനോട് പറഞ്ഞുവത്രേ. മാർച്ച് പത്തിനായിരുന്നു ഇത്. വളരെ സന്തോഷവതിയായിരുന്നു ലിസ അന്ന്. അതായിരുന്നു കുടുംബവും ആയി ലിസയുടെ അവസാന ഫോൺ സംഭാഷണം.
എന്നാല്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും വിവരമില്ലാതായതോടെയാണ് കരോളിന്‍ സഹോദരിയെ തിരഞ്ഞിറങ്ങിയത്. ഇതിനിടെ ലിസയുടെ മകന്റെ പിറന്നാളിനും ഫോൺ എത്താഞ്ഞതോടെയാണ് ബന്ധുക്കൾക്ക് സംശയം ഉടലെടുത്തത്. ലോകത്തിന്റെ ഏതു കോണിലായാലും അന്നേ ദിവസം ലിസ മകനെ വിളിക്കും എന്ന് കരോളിൻ പറയുന്നു.
ഇതോടെ കൊല്ലത്തെ അമൃതാനന്തമയി ആശ്രമത്തില്‍ ജര്‍മ്മന്‍ എംബസി മുഖേന ബന്ധപ്പെട്ടു. എന്നാല്‍ അവിടെ നിന്നും കാര്യമായ വിവരങ്ങള്‍ ലഭിക്കാതായതോടെയാണ് എംബസി മുഖാന്തിരം ഡല്‍ഹിയിലേക്കും, അവിടെ നിന്ന് കേരളത്തിലേക്കും വിവരങ്ങൾ തേടി. എന്നാൽ കാര്യമായ വിവരങ്ങൾ ലഭിച്ചില്ല.
തുടർന്ന് ജൂൺ 5ന് ജർമനിയിലെ Flensberg പോലീസിൽ പരാതി നൽകി. തുടർന്ന് പരാതി ജർമൻ കോൺസുലേറ്റ് മുഖേന ഡിജിപിക്കു കൈമാറുകയായിരുന്നു.
പത്രമാധ്യമങ്ങളില്‍ നിന്നും , കേരളത്തിലെ സുഹൃത്തില്‍ നിന്നും ഈ വാര്‍ത്തയറിഞ്ഞ ലിഗയുടെ സഹോദരി ഇല്‍സ കരോളിനെ നവമാധ്യമങ്ങളുടെ സഹായത്തോടെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതും.
കേരളത്തിലെ തന്റെ സുഹൃത്തുക്കള്‍ മുഖേന ലിസയ്ക്കായുള്ള തിരച്ചില്‍ നടത്താനാണ് ഇല്‍സയുടെ നീക്കം. തന്റെ സഹോദരി ലിഗയ്ക്ക് സംഭവിച്ച ദുരന്തം ഇനി മറ്റൊരാള്‍ക്കും സംഭവിക്കരുതെന്ന് ഇല്‍സ പറയുന്നു. കരോളിനില്‍ നിന്നും ലഭിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിനും കൈമാറുമെന്ന് ഇല്‍സ അറിയിച്ചു. ഫേസ്ബുക്കിലൂടെയും ഇല്‍സ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. സഹോദരി ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ നടപടികളില്‍ കാലതാമസം നേരിടുന്നതില്‍ ഇല്‍സ അതൃപ്തി അറിയിച്ചിരുന്നു. ഇക്കാര്യമുന്നയിച്ച് ഗവണ്‍മെന്റിനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഇല്‍സ. ഇതിനിടയിലാണ് ലിസ വെയ്‌സിന്റെ തിരോധാനം സംബന്ധിച്ച വാര്‍ത്ത ഇല്‍സയുടെ ശ്രദ്ധയില്‍പെടുന്നതും, സഹായിക്കാനായി രംഗത്തെത്തിയതും.
Post Your Comments