ആഹാരമില്ലാതെ ആഴ്ച്ചകളോളം മനുഷ്യന് ജീവിക്കാനാകും. എന്നാല്‍ വെള്ളം കുടിക്കാതെയുള്ള അതിജീവനം ദിവസങ്ങള്‍ക്കുള്ളില്‍ അസ്തമിക്കും. കുടിക്കാന്‍ മാത്രമല്ല രോഗാണുക്കളെ പ്രതിരോധിക്കാനും വെള്ളം വേണം. ആഹാരത്തിന് മുന്‍പ് കൈ കഴുകാതെ, മലമൂത്രവിസര്‍ജ്ജ്യങ്ങള്‍ക്ക് ശേഷം ശരീരം വൃത്തിയാക്കാതെ ജീവിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുനോക്കൂ. എന്തിന് ഒരിക്കല്‍പോലും കുളിക്കാനാകാതെ എത്രനാള്‍ ഒരാള്‍ക്ക് പിടിച്ചുനില്‍ക്കാനാകും. അതൊക്കെ മാറ്റിവച്ച് ജീവിക്കാമെന്ന് കരുതിയാലും ജലമില്ലാതെ ജീവന്‍ നിലനില്‍ക്കുകയുമില്ല.. ജലത്തെ മാറ്റിനിര്‍ത്തി ആരോഗ്യപരമായ ഒരു മുന്‍കരുതലുകളും സാധ്യമല്ല. ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ അല്ല തമിഴ്നാട് എന്ന സംസ്ഥാനം ലോകത്തോട് വിളിച്ചുപറയുന്ന കാര്യങ്ങാളാണിവ. ചെന്നൈയിലും സമീപജില്ലകളിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ജനങ്ങള്‍. ചെന്നൈ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ചെമ്പരമ്പാക്കം ഡാം വറ്റി വരണ്ടു.ചെന്നൈയിലെ നാല് ജലസംഭരണികളും ശുഷ്‌കമായിക്കൊണ്ടിരിക്കുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ എണ്‍പത് ശതമാനത്തിലേറെ മഴ കുറയുകയും 40 ഡിഗ്രിക്ക് മുകളില്‍ താപനില എത്തുകയും കൂടി ചെയ്തതോടെ ആശങ്കപ്പെടുത്തുന്ന ഒരു ഓര്‍മ്മപ്പെടുത്തലായി തമിഴ്നാട് വാര്‍ത്തകളില്‍ നിറയുകയാണ്.
വരള്‍ച്ച അശാസ്ത്രീയവികസനത്തിന്റെ ബാക്കിപത്രം
ചെന്നൈ ഉള്‍പ്പെടെ 24 ജില്ലകളാണ് ജലക്ഷാമം കൊണ്ട് ദുരിതത്തിലായിരിക്കുന്നത്. ചെന്നൈയിലെ ജലസ്രോതസുകളായ പുഴല്‍, പൂണ്ടി, ചെമ്പരമ്പാക്കം എന്നീ തടാകങ്ങള്‍ വറ്റിവരണ്ടുകിക്കുന്നു. വല്ലപ്പോഴും ചാറിവീഴുന്ന ജലത്തുള്ളികളാണ് ചെന്നൈയ്ക്കാര്‍ക്ക് മഴ. മണ്ണിനെപ്പോലും നനയ്ക്കാനാകാതെ അത് അവസാനിക്കുകയും ചെയ്യെും. കഴിഞ്ഞ ആറ് മാസമായി നല്ലൊരു മഴയ്ക്കായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുകയാണ് തമിഴ്നാട്. ഇനി ശക്തമായ ഒന്നോ രണ്ടോ മഴ പെയ്താല്‍പോലും അത് മണ്ണിലേക്കിറങ്ങാതെ കടലിലേക്ക് ഒഴുകിപ്പോകും. തോടും പുഴയും കുളവും കിണറുകളും അപ്രത്യക്ഷമായി വരണ്ടുണങ്ങിയ ഭൂമിയിലാണ് തുള്ളിവെള്ളത്തിനായി മനുഷ്യന്‍ തുള്ളിവെള്ളത്തിനായി അലഞ്ഞുതിരിയുന്നത്. കുന്നും മലയും ഇടിച്ചു നിരത്തി പുഴകളെല്ലാം കുഴിച്ചുമറിച്ച് മരങ്ങളുടെ വേരുകള്‍ പോലും അറുത്തുമാറ്റി കോണ്‍ക്രീറ്റ് കാടൊരുക്കിയതും ഇതേ മനുഷ്യന്‍ തന്നെയാണ്. കാത്ത് കത്തിരുന്ന് ചെന്നൈയില്‍ ഒരു മഴ പെയ്താല്‍ തന്നെ വെള്ളം മണ്ണിലേക്കിറങ്ങാതെ നേരെ കടലിലേക്ക് ഒഴുകിപ്പോകുന്നു എന്നതാണ് സ്ഥിതി രൂക്ഷമാക്കുന്നത്. പരമ്പരാഗത നീര്‍ത്തടങ്ങളെ കൊന്നു കുഴിച്ചുമൂടി അതിന്റെ പുറത്താണ് ചെന്നൈ എന്ന നഗരം ഇത്രമേല്‍ വളര്‍ന്നിരിക്കുന്നത്. അശാസ്ത്രീയമായ നഗരവത്കരണത്തിന്റെ പ്രത്യാഘാതമാണ് ചെന്നൈയിലെ വരള്‍ച്ചും വെള്ളപ്പൊക്കവും.
പാഴായി പോകുന്ന ചെന്നൈ മഴകള്‍
പശ്ചിമഘട്ട മലനിരകള്‍ ഇടിച്ചു നിരത്തിയതാണ് തമിഴ്നാട്ടിലെ കൊടും വരള്‍ച്ചയുടെ മൂലകാരണമായി പഠനം നടത്തിയ മുംബൈ ഐഐടി കണ്ടെത്തിയിരിക്കുന്നത്. ഈ മലനിരകളുടെ സംഭാവനയായിരുന്നു സംസ്ഥാനത്തെ മണ്‍സൂണിന്റെ നല്ലൊരു ഭാഗവും എന്നത് വികസനത്തിന് കൂട്ടുനിന്നവര്‍ സൗകര്യപൂര്‍വ്വം മറന്നു. ഫലമായി മിക്ക പ്രദേശങ്ങളിലും ഭൂഗര്‍ഭജല വിതാനം ക്രമാതീതമായി താഴ്ന്നു. മുന്‍ വര്‍ഷത്തേക്കാള്‍ എണ്‍പത് ശതമാനത്തിലേറെ മഴ കുറഞ്ഞു. മൂന്നര വര്‍ഷം മുമ്പത്തെ പ്രളയത്തിന് ശേഷവും തമിഴ്നാട് പാഠം പഠിച്ചില്ല. പ്രളയത്തെയും വരള്‍ച്ചയേയും അതിജീവിക്കാനാകാതെ ജനങ്ങള്‍ ദുരിതപ്പെടുമ്പോള്‍ അത് സര്‍ക്കാരിന്റെ പിടിപ്പുകേട് തന്നെയാണെന്നാണ് പൊതുവേ ചൂണ്ടിക്കാണിക്കുന്നത്. വീടുകളിലും മറ്റിടങ്ങളിലും മഴവെള്ളസംഭരണികള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ ഇനിയും ഈ സംസ്ഥാനത്ത് ശുഷ്‌കാന്തിയോടെ നടപടികള്‍ ആയിട്ടില്ല എന്നത് സര്‍ക്കാരിന്റെ പരാജയം തന്നെയാണ്. നദീജലവുമായി ബന്ധപ്പെട്ട് പക്ഷേ ഒരേ സമയം മൂന്ന് സംസ്ഥാനങ്ങളുമായി തര്‍ക്കത്തിലാണ് തമിഴ്നാട്. മുല്ലപ്പെരിയാറില്‍ കേരളവുമായും കാവേരിയില്‍ കര്‍ണാടകയുമായും കൃഷ്ണനദിയില്‍ ആന്ധ്രയുമായും. പക്ഷേ ജലതര്‍ക്കത്തിന്റെ പേരില്‍ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും കൊല്ലാനിറങ്ങുന്ന ചരിത്രം കണ്‍മുന്നിലുണ്ടായിട്ടും ഗ്രാമങ്ങളിലും നഗരങ്ങളിലും മഴവെള്ള സംഭരണികള്‍ തീര്‍ത്ത് ഒരു പരിധി വരെയെങ്കിലും സ്വന്തം നിലയില്‍ ജലക്ഷാമം പരിഹരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ട കാലം എന്നേ കഴിഞ്ഞിരിക്കുന്നു.
പോര് ജലത്തിനായി
ജലക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകള്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളും ഐടി സ്ഥാപനങ്ങളും അടച്ചുപൂട്ടുകയാണ്. ചെന്നൈയില്‍ പണം നല്‍കിയാല്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുന്നത് പോലും കാര്യക്ഷമമല്ലെന്നാണ് ആരോപണം. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് സന്നാഹത്തോടെയാണ് പലയിടത്തും വെള്ളവുമായി ലോറികളെത്തുന്നത്. മണിക്കൂറുകള്‍ നീണ്ട ക്യൂ ആണ് ലോറികള്‍ക്കരികില്‍. ഇതിനിടെ വെള്ളവുമായി ബന്ധപ്പെട്ടുള്ള അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയുമുണ്ടായി. മറ്റൊരിടത്ത് വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഒരു വീട്ടമ്മയ്ക്ക് കുത്തേറ്റു. ധര്‍മ്മപുരി, നാമക്കല്‍, ശിവഗംഗ, സേലം എന്നീ ജില്ലകള്‍ വറ്റി വരണ്ടിരിക്കുകയാണ്. കുഴല്‍ക്കിണറുകളില്‍ പോലും കുടിവെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണിവിടെ.ചെന്നൈ മറീനാ ബിച്ചിലെ നിവാസികള്‍ കടല്‍വെള്ളം ശേഖരിച്ചാണ് ഇപ്പോള്‍ പ്രാഥമിക ആവശ്യങ്ങള്‍പോലും നിര്‍വഹിക്കുന്നത്. കുടിവെള്ളത്തിന് ഇപ്പോള്‍ 3000 മുതല്‍ 5000 രൂപരെയാണ് വില. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ചെന്നൈ നഗരത്തിലെ ജല ആവശ്യകത 47 ശതമാനം വര്‍ധിച്ചപ്പോള്‍ മെട്രോ വാട്ടര്‍ സപ്ലൈയുടെ ജലവിതരണത്തില്‍ എട്ടുശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഉണര്‍ന്നു പ്രവര്‍ത്തിക്കണം സര്‍ക്കാര്‍
വരള്‍ച്ചാ ദുരിതാശ്വാസങ്ങള്‍ക്കായി അയ്യായിരം കോടി രൂപ കേന്ദ്രത്തോട് തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തീവണ്ടി മാര്‍ഗം ജലം തമിഴ്നാട്ടില്‍ എത്തിക്കാമെന്ന കേരളത്തിന്റെ സഹായവാഗ്ദാനം തമിവ്നാട് സര്‍ക്കാര്‍ നിരസിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ അനാസ്ഥ തന്നെയാണ് കുടിവെള്ള ക്ഷാമത്തിലേക്ക് തമിഴ്നാടിനെ തള്ളിയിട്ടതെന്ന് ചെന്നൈ ഹൈക്കോടതിയും വിമര്‍ശിക്കുകയുണ്ടായി. ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോ ഉള്‍പ്പെടെയുള്ളവര്‍ തമിഴഅനാട്ടിന്റെ അവസ്ഥയില്‍ ആശങ്കയറിയിച്ചുകഴിഞ്ഞു. ഇത് ഒരു മുന്നറിയിപ്പ് തന്നെയാണ്. തമിഴ്നാട് മാത്രമല്ല ലോകജനസംഖ്യ കുതിച്ചുകയറുമ്പോള്‍ അതനുസരിച്ച് ശുദ്ധജല വിതരണം നടത്താനാകില്ല എന്നത് അഗാധമായ ദുരന്തത്തിലേക്കായിരിക്കും ലോകത്തെ നയിക്കുക. നിലവില്‍ ലോകത്ത് ഏഴിലൊരാള്‍ ശുദ്ധജലമില്ലാതെ ദുരിതത്തിലാണെന്നാണ് കണക്കാക്കപ്പെടുന്നത്. എന്ത്ായാലും തമിഴ്നാടിന്റെ ജലപ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുമെന്ന് പ്രത്യാശിക്കാം. അതിനുള്ള ആര്‍ജ്ജവം ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരിന് ഉണ്ടാകണം. പ്രത്യേകിച്ച് പല പദ്ധതികളും നടപ്പിലാക്കി മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കിയ ജയലളിതയുടെ പാര്‍ട്ടിയെന്ന നിലയിലെങ്കിലും.
Post Your Comments