കൊല്ലം : പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു.കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം . പെൺകുട്ടിയുടെ വീടിന്റെ ഓടിളക്കി മുറിക്കുള്ളിൽ കടന്നാണ് യുവാവ് ആക്രമണം നടത്തിയത്.പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രതി അനന്ദുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. പെൺകുട്ടിയുടെ നിലവിളി കേട്ടാണ് വീട്ടുകാർ സംഭവം അറിയുന്നത്. പ്രതി ശാസ്താംകോട്ട ആയിക്കുന്നം സ്വദേശി അനന്ദു (20) ഓടി രക്ഷപ്പെട്ടു. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ചാണ് അടിവയറ്റിൽ രണ്ടു തവണ കുത്തിയത്. വീടിന്റെ ടെറസിലൂടെ പ്രതി മുറിക്കുള്ളിൽ എത്തിയതാകാമെന്നാണ് കരുതുന്നത്.
രക്തം വാർന്നു ബോധം നഷ്ടമായ പെൺകുട്ടിയെ ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. പ്രണയാഭ്യർഥന നിരസിച്ചതാണ് കാരണമെന്നും കുട്ടി അപകടനില തരണം ചെയ്തതായും ബന്ധുക്കൾ പറഞ്ഞു.
അതേസമയം കേരളത്തിൽ ഇത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. പ്രണയാഭ്യർത്ഥന നിരസിച്ചതിന് കഴിഞ്ഞ ദിവസം വിദ്യാർഥിനിയെ യുവാവ് കുത്തിവീഴ്ത്തിയിരുന്നു. ശേഷം യുവാവ് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയൂം ചെയ്തു. പെൺകുട്ടിയുടെ ശരീരത്തിൽ 12 കുത്തുകൾ ഏറ്റിട്ടുണ്ട്.മംഗലാപുരത്തായിരുന്നു സംഭവം.
പ്രതിയായ സുശാന്തിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സുശാന്ത് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.എന്നാൽ പെൺകുട്ടിയുടെ നില ഗുരുതമായി തുടരുകയാണ്.
എംബിഎയ്ക്ക് പഠിക്കുന്ന വിദ്യാർഥിനിയെയാണ് സുഹൃത്ത് സുശാന്ത് കുത്തി വീഴ്ത്തിയത്.കോളേജിൽ നിന്ന് മടങ്ങുന്നതിനിടെ ബാഗമ്പള്ളിയിൽ യുവതിയുടെ വീടിനടുത്ത് വച്ചാണ് സംഭവം.സ്കൂട്ടറിലെത്തിയ സുശാന്ത് പെൺകുട്ടിയെ തടഞ്ഞ് നിർത്തി കത്തി കൊണ്ട് കുത്തുകയായിരുന്നു. നാട്ടുകാർ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും സുശാന്ത് ഈ സമയം സ്വയം മുറിവേൽപ്പിക്കുകയായിരുന്നു. സുശാന്ത് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നെന്നും ഇത് നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നുമാണ് പോലീസ് പറയുന്നത്.
Post Your Comments