ദുബായ്: കനത്ത ചൂടിൽ വലഞ്ഞ് ഗൾഫ് രാജ്യങ്ങൾ, യുഎഇയില്‍ ചൂടുകൂടി വരുന്ന സാചര്യത്തില്‍ കുട്ടികളുടെ കാര്യത്തില്‍ പ്രത്യകശ്രദ്ധ വേണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മുതിര്‍ന്നവരെ അപേക്ഷിച്ച് ചൂടുകൊണ്ടുള്ള അസ്വസ്ഥതകള്‍ കുട്ടികളെ വേഗത്തില്‍ ബാധിക്കും. കുട്ടികളുടെ ശരീരം മുതിര്‍ന്നവരെ അപേക്ഷിച്ച് മൂന്നു മുതല്‍ അഞ്ച് ഇരട്ടി വരെ അധികം ചൂടാകുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
അതികഛിനമായ ഉഷ്ണകാലത്ത് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വേഗത്തില്‍ സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ദുബായ് ഹെല്‍ത്ത് അതോരിറ്റിയുടെ നാദ് അല്‍ ഹമ്മാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം തലവന്‍ ഡോ. നദ അല്‍ മുല്ല പറഞ്ഞു. രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം ആറ് വരെ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണം. ഭാരം കുറഞ്ഞതും ഇളം നിറങ്ങളിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കണം.
കൂടാതെ ഈ സമയങ്ങളിൽ കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍ സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുകയും ധാരാളം വെള്ളവും ജ്യൂസുകളും കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. പ്രമേഹമുള്ളവര്‍, ഗര്‍ഭിണികള്‍, അപസ്‍മാര രോഗമുള്ളവര്‍ തുടങ്ങിയവരും ഈ സമയത്ത് പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്നും അവര്‍ പറഞ്ഞു.
എന്നാൽ ശരീര വലിപ്പത്തിന്റെ അനുപാതം കണക്കിലെടുക്കുമ്പോള്‍ പ്രതികൂല അന്തരീക്ഷ താപനില കുട്ടികളെ വളരെ വേഗം ബാധിക്കുമെന്ന് കനേഡിയന്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. നൂബി പറഞ്ഞു. ശരീര വലിപ്പവും ഭാരവും മുതിര്‍ന്നവരെ അപേക്ഷിച്ച് കുറവായിരിക്കുന്നതാണ് കുട്ടികള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതമേല്‍ക്കാന്‍ കാരണമാവുന്നതെന്നും ഡോ. നൂബി പറഞ്ഞു. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളുടെ ശരീരത്തില്‍ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ തോത് കൂടുതലായിരിക്കും.
ആയതിനാൽ ശരീര ഭാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ശരീരത്തില്‍ നിന്ന് പുറത്തുവരുന്ന ചൂടിന്റെ തോതിലും മുതിര്‍ന്നവരെ അപേക്ഷിച്ച് വലിയ വര്‍ദ്ധനവുണ്ടാകുമെന്ന് ദുബായ് മെഡ്‍കെയര്‍ വിമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോസ്‍പിറ്റലിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. വിവേക് പറഞ്ഞു. ചെറിയ കുട്ടികളില്‍ ശരീര ഭാരവും ശരീര വലിപ്പവും തമ്മിലുള്ള അനുപാതം കൂടുതലായിരിക്കുമെന്നതിനാല്‍ പുറത്തെ ചൂടേറിയ ചുറ്റുപാടുകളില്‍ നിന്ന് കൂടുതല്‍ ചൂട് ആഗിരണം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളുടെ ശരീരം കുറച്ച് മാത്രം വിയര്‍ക്കുന്നതും ചൂടുകാലത്തെ ആഘാതം വര്‍ദ്ധിപ്പിക്കും. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ നിര്‍ജലീകരണം കൊണ്ടുള്ള പ്രശ്നങ്ങളുണ്ടാവും. കാറുകളിലാണ് മറ്റൊരു അപകട സാധ്യത. യുഎഇയിലെ ഇപ്പോഴത്തെ കാലാവസ്ഥയില്‍ വെറും 10 മിനിറ്റുകൊണ്ട് കാറുകള്‍ക്കുള്ളിലെ താപനില 20 ഡിഗ്രി സെല്‍ഷ്യസോളം വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. വിന്‍ഡോകള്‍ തുറന്നിട്ടാലും ഇത് ഒഴിവാക്കാനാവില്ല.
Post Your Comments