അമൃത്സര്‍: അട്ടാരി അതിര്‍ത്തിയില്‍നിന്ന് 500 കിലോ ഹെറോയിന്‍ കസ്റ്റംസ് പിടികൂടി. രാജ്യാന്തര വിപണിയില്‍ 2700 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിക്കവെ പിടികൂടിയത്. ഇന്ത്യ – പാക് അതിര്‍ത്തിയില്‍ അടുത്തിടെ നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കാഷ്മീര്‍ താഴ്വരയിലുള്ള ലഹരിക്കടത്ത് സംഘമാണ് മയക്കുമരുന്ന് കടത്തിനു പിന്നിലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അട്ടാരി ചെക്ക്പോസ്റ്റില്‍ വച്ചാണ് 532 കിലോ ഹെറോയിന്‍ പിടികൂടിയതെന്ന് കസ്റ്റംസ് കമ്മീഷണര്‍ ദീപക് കുമാര്‍ ഗുപ്ത വ്യക്തമാക്കി. ഇന്ത്യയുടെ കസ്റ്റംസ് ചരിത്രത്തിലെ വന്‍ നേട്ടമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.കാഷ്മീരില്‍നിന്ന് ലഹരികടത്ത് സംഘ തലവനെയും അമൃത്സറില്നിന്നു കല്ലുപ്പ് ഇറക്കുമതി ചെയ്തയാളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 600 ചാക്കുകള്‍ പരിശോധിച്ചപ്പോഴാണ് 15 എണ്ണത്തില്‍ നിന്ന് ഹെറോയിന്‍ പിടികൂടിയത്.
കൂടാതെ പല തരത്തിലുള്ള 52 കിലോയോളം മയക്കുമരുന്നും പിടികൂടി. സംഭവത്തില്‍ പ്രധാന സൂത്രധാരനെന്ന് കരുതുന്ന താരിഖ് അഹമ്മദിനെയും മറ്റെരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെ ചാക്കുകളിലെ വെള്ള നിറത്തിലുള്ള തരികള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും സംശയം തോന്നി പരിശോധിച്ചപ്പോള്‍ ഹെറോയിന്‍ ആണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞുവെന്നും ഗുപ്ത പറഞ്ഞു. പാക്കിസ്ഥാനില്‍നിന്ന് ചരക്കു നീക്കം നടക്കുന്ന ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റില്‍ രണ്ടു ദിവസം മുമ്പാണ് കല്ലുപ്പു കയറ്റി ട്രക്ക് എത്തിയത്.
Post Your Comments