ജയലളിതയുടെ വഴിയേ ജഗനും, പ്രതികാര നടപടി, മാവോയിസ്റ്റ് ആക്രമണത്തിൽ തലനാരിഴക്ക് രക്ഷപെട്ട നായിഡുവിന്റെ സുരക്ഷവെട്ടിക്കുറച്ചു

2003 ഒക്‌ടോബറില്‍ തിരുമലയ്‌ക്കടുത്ത്‌ അല്‍പിരിയില്‍ വച്ച്‌ ചന്ദ്രബാബു നായിഡുവിനു നേരെ മാവോയിസ്‌റ്റ്‌ ആക്രമണമുണ്ടായിരുന്നു.

അമരാവതി: ആന്ധ്രാപ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടി അധ്യക്ഷനുമായ എന്‍. ചന്ദ്രബാബു നായിഡുവിന്റെ സുരക്ഷവെട്ടിക്കുറച്ചു. ആംഡ് റിസര്‍വ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ നിയന്ത്രിക്കുന്ന 15 സംഘമായിരുന്നു നായിഡുവിന്റെ സുരക്ഷാച്ചുമതല നിര്‍വഹിച്ചിരുന്നത്‌. മുൻപ് മാവോയിസ്റ്റ് ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് ചന്ദ്രബാബു നായിഡു രക്ഷപെട്ടത്. 2003 ഒക്‌ടോബറില്‍ തിരുമലയ്‌ക്കടുത്ത്‌ അല്‍പിരിയില്‍ വച്ച്‌ ചന്ദ്രബാബു നായിഡുവിനു നേരെ മാവോയിസ്‌റ്റ്‌ ആക്രമണമുണ്ടായിരുന്നു.

അതിനു ശേഷമാണു മുന്‍ മുഖ്യമന്ത്രിയെ ഇസഡ്‌ പ്ലസ്‌ സുരക്ഷാ വിഭാഗത്തില്‍പ്പെടുത്തിയത്‌. സംസ്‌ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ്‌ പ്രകാരം രണ്ട്‌ സായുധ കോണ്‍സ്‌റ്റബിള്‍മാര്‍ മാത്രമായിരിക്കും നായിഡുവിന്‌ ഒപ്പമുണ്ടാകുക. ജഗന്‍ മോഹന്റെ നേതൃത്വത്തിലുള്ള വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ്‌ അധികാരത്തിലെത്തിയതു മുതല്‍ ചന്ദ്രബാബു നായിഡു ആവിഷ്‌കരിച്ച പദ്ധതികള്‍ പൊളിച്ചെഴുതുകയാണ്‌. അതെ സമയം കേന്ദ്രത്തിന്റെ ഇസഡ്‌ പ്ലസ്‌ സുരക്ഷാ വിഭാഗത്തില്‍ പെടുന്നതിനാല്‍ നായിഡുവിനു ദേശീയ സുരക്ഷാ ഗാര്‍ഡുകളുടെ സുരക്ഷയുണ്ടാകും.

നായിഡുവിന്റെ ഔദ്യോഗിക വസതിക്കും ചിറ്റൂര്‍ ജില്ലയിലെ നരവരിപാലെയിലെ ജന്മഗൃഹത്തിനും സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയിരുന്ന സുരക്ഷയും പിന്‍വലിച്ചു.പ്രതികാര നടപടിയാണ് ഇതൊക്കെയെന്നാണ് വിലയിരുത്തൽ. നേരത്തെ കരുണാനിധിയുടെ നേരെ രാഷ്ട്രീയ വിരോധം തീർക്കാൻ ജയലളിതയും ഇതേ രീതി പിന്തുടരുന്നതായി റിപ്പോർട്ടുകളുണ്ട്. അതെ വഴിയിലാണ് ജഗനും പോകുന്നതെന്നാണ് വിമർശകരുടെ ആരോപണം. ഇതിനിടെ ജാവേദിക എന്ന കെട്ടിടം പൊളിച്ചുനീക്കാന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി തിങ്കളാഴ്ച ഉത്തരവിട്ടതിന് പിന്നാലെ പൊളിച്ചുനീക്കല്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു.

ചന്ദ്രബാബുനായിഡുവിന്റെ വസതിയോട് ചേര്‍ന്നാണ് പ്രജാവേദിക എന്ന കെട്ടിടം പണികഴിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന പ്രജാവേദിക തനിക്ക് ഇത്തവണയും ഉപയോഗിക്കാന്‍ അനുവദിച്ചുതരണമെന്ന് നായിഡു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷനേതാവിന്റെ അനക്സ് ആയി പ്രജാവേദിക അനുവദിക്കണമെന്നും നിലവില്‍ പ്രതിപക്ഷ നേതാവായ അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ നായിഡുവിന്റെ അഭ്യര്‍ഥനയെല്ലാം തള്ളിക്കൊണ്ടാണ് വൈ.എസ്. ജഗന്‍ കെട്ടിടം പൊളിച്ചുനീക്കുന്നത്.

Share
Leave a Comment