
ആലപ്പുഴ: ബി.ജെ.പി.യെ സർവ്വ സ്പർശിയും സർവ്വ വ്യാപിയും ആക്കികൊണ്ട് വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പോടെ കേരളത്തിൽ പാർട്ടിയെ ഒന്നാമത് എത്തിക്കാനാണ് മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ പറഞ്ഞു. ഈ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതു-വലതു മുന്നണികൾ മത തീവ്രവാദികളുമായി ഒന്നിച്ചു നിന്ന് ബി.ജെ.പി. യെ എതിരിട്ടിട്ടും മൂന്നും നാലും ഇരട്ടി വോട്ടിന്റെ വർദ്ധനവോടെയാണ് ബി.ജെ.പി. മുന്നേറിയത്.
നാടിൻറെ എല്ലാ മുക്കിലും മൂലയിലും ബി.ജെ.പി. യുടെ ജനകീയ പ്രവർത്തനം സജീവമാക്കുകയും ജാതി-മത വർണ്ണ വർഗ്ഗ വിത്യാസമില്ലാതെ പരമാവധി അംഗങ്ങളെ പാർട്ടിയിലേക്ക് ചേർത്ത് ജനകീയ അടിത്തറ വിപുലപ്പെടുത്തുവാനും ഈ മെമ്പർഷിപ്പ് ക്യാമ്പയിൻ സഹായിക്കും. അതുകൊണ്ടുതന്നെ ആലപ്പുഴയിൽ വിജയിക്കുന്നതിനാവശ്യമായ അംഗങ്ങളെ സംഘടനയിൽ ചേർക്കുവാൻ നേതാക്കൾ ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ നരേന്ദ്രമോദി സർക്കാരിന്റെ ജനപ്രിയ ആരോഗ്യ പദ്ധതി ആയുഷ്മാൻ ഭാരതും, കർഷകർക്കുള്ള കിസാൻ സമ്മാൻ നിധിയും അട്ടിമറിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കുകയും വേണം അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. മെമ്പർഷിപ്പ് ക്യാമ്പയിനോടനുബന്ധിച്ച് മാരാരിക്കുളം തെക്ക് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ
നടന്ന ശില്പശാല ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാതിരാപ്പള്ളി മേഖലാ പ്രസിഡന്റ് ജി. മുരളീധരൻ അധ്യക്ഷത വഹിച്ചു.
വളവനാട് മേഖലാ പ്രസിഡണ്ട് ഷാജി, ആലപ്പുഴ നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ.ജി. പ്രകാശ്, എൻ.ഡി. കൈലാസ്, മണ്ഡലം സെക്രട്ടറിമാരായ ജ്യോതി രാജീവ്, ബിന്ദു വിലാസൻ, ജില്ലാ കമ്മറ്റി അംഗം സി.പി. മോഹനൻ, മേഖലാ ജനറൽ സെക്രട്ടറി കെ.ആർ. പുരുഷൻ, മറ്റു ഭാരവാഹികളായ ഫിലോമിന, തോമസ് കുരിശിങ്കൽ, മണിയൻ എന്നിവർ സംസാരിച്ചു.
Post Your Comments