തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയ രണ്ട് പേരെ പൊലീസ് പിടികൂടി. സ്‌കൂള്‍ പരിസരങ്ങളില്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ തുടച്ച് നീക്കുന്നതിന്റെ ഭാഗമായി കല്ലമ്പലം പൊലീസ് വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് നടപ്പിലാക്കിയ ഓപ്പറേഷന്‍ സ്റ്റുഡന്‍സ് സേഫ് പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. വിദ്യാര്‍ത്ഥികള്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്.
പറക്കുളം ജിഎച്ച്എസ്എസിന് സമീപം കട നടത്തിവന്ന അഖില്‍ (23), ചിറ്റായിക്കോട് സ്വദേശിയായ ബാബു (60) എന്നിവരെയാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കല്ലമ്പലം പൊലീസ് ഇന്‍സ്‌പെക്ടര്‍ അനൂപ് ആര്‍ ചന്ദ്രന്‍, സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ വി സി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ 250 ഓളം പാക്കറ്റ് ചൈനി ഖൈനി, 50 ഓളം പാക്കറ്റ് ശംഭു, നൂറോളം പാക്കറ്റ് സിഗററ്റ്, ബീഡി എന്നിവയാണ് പിടിച്ചെടുത്തത്.
ഇതിന് പുറമെ സ്‌കൂള്‍ വിടുന്ന സമയത്ത് അമിത വേഗതയില്‍ അപകടകരമായി ബൈക്ക് റേസിംഗ് നടത്തിയ മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തു. നാവായിക്കുളം യതുക്കാട് സ്വദേശി വിപിന്‍, മണമ്പൂര്‍ സ്വദേശിയായ സുബി, കല്ലമ്പലം മേനാപ്പാറ സ്വദേശി സഞ്ചു എന്നിവരെയാണ് ബൈക്കുകള്‍ സഹിതം പോലീസ് പിടികൂടിയത്.
Post Your Comments