മലങ്കര ടൂറിസം പദ്ധതി ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിക്കും. പദ്ധതിയുടെ നടത്തിപ്പിനായി മലങ്കര ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ലഭിക്കുന്ന വരുമാനത്തില്‍ 10 ശതമാനം ഡി.ടി.പി.സിക്കും 10 ശതമാനം ഇറിഗേഷന്‍ വകുപ്പിനും 80 ശതമാനം ഭരണ നിര്‍വഹണ സൊസൈറ്റിക്കും ആയിരിക്കും.
ഇടുക്കി ആനച്ചാലില്‍ ടൂറിസ്‌റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിച്ച് ഓഫ് റോഡ് ജീപ്പ് യാത്ര നിയന്ത്രണ വിധേയമാക്കും. ഡി.ടി.പി.സിയിലൂടെ പഴക്കം ചെന്ന വാഹനങ്ങളും ബോട്ട് എഞ്ചിനുകളും ലേലം ചെയ്യും.
പഴയബോട്ട് എഞ്ചിനുകളും ലേലം ചെയ്യാനുള്ള നടപടി ഉടന്‍ സ്വീകരിക്കും. ജില്ലയില്‍ ഡി.ടി.പി.സിയുടെ അധീനതയിലുള്ള ഹില്‍വ്യൂ പാര്‍ക്ക്, രാമയ്‌ക്കല്‍മേട്, ഇടുക്കി പാര്‍ക്ക്, വാഗമണ്‍, പാഞ്ചാലിമേട് എന്നീ ടൂറിസ്‌റ്റ് കേന്ദ്രങ്ങളില്‍ വൃദ്ധര്‍ക്കും വികലാംഗര്‍ക്കും യാത്ര ചെയ്യാന്‍ വീല്‍ചെയറുകളും പ്രത്യേക ടോയ്‌ലറ്റ് സൗകര്യവും ഏര്‍പ്പെടുത്തി.
ഇടുക്കി വെള്ളാപ്പാറയിലുള്ള ഹില്‍വ്യൂ പാര്‍ക്കില്‍ വാഴത്തോപ്പ് സര്‍വീസ് സഹകരണ ബാങ്കുമായി സഹകരിച്ച് സിപ്‌ലൈന്‍, ബര്‍മ ബ്രിഡ്‌ജ്, സ്‌കൈ സൈക്ലിങ്, ബഞ്ച് ട്രാംപോലൈന്‍ എന്നിവ സ്‌ഥാപിച്ചു. പാല്‍ക്കുളംമേട്ടില്‍ എക്കോ ടൂറിസം പദ്ധതി ആരംഭിക്കാന്‍ വേണ്ട നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് കോതമംഗലം ഡി.എഫ്.ഒക്ക് കത്തു നല്‍കി.
അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിന്റെ നവീകരണത്തിന് വിശദമായ രൂപരേഖ തയാറാക്കാന്‍ സില്‍ക്ക് അക്രഡിറ്റഡ് ഏജന്‍സിയെ ചുമതലപ്പെടുത്തി. കോളജുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ടൂറിസം ക്ലബ് ആരംഭിച്ചു. പരിസ്‌ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൂന്നാര്‍, വാഗമണ്‍, രാമക്കല്‍മേട് എന്നീ ടൂറിസ്‌റ്റ് കേന്ദ്രങ്ങളില്‍ 200 വൃക്ഷത്തൈകള്‍ നട്ടു.
Post Your Comments