കോൺഗ്രസിൽ ഇത് രാജിയുടെ കാലമാണ്. പൊതു തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ചുമതല ഏറ്റെടുത്തുകൊണ്ട് എന്ന് പറഞ്ഞ് ഒട്ടനവധി നേതാക്കൾ ഇതിനകം രാജിക്കത്ത് കോൺഗ്രസ് അദ്ധ്യക്ഷന് രേഖാമൂലം സമർപ്പിച്ചിരിക്കുന്നു. ചിലരൊക്കെ കൂട്ടമായിട്ടാണ് രാജിക്കത്ത് തയ്യറാക്കിയത്. ഇത് എന്തിന്റെ നാടകമാണ്?. മുതിർന്ന ‘താപ്പാനകൾ’ എന്നൊക്കെ അറിയപ്പെടുന്ന ഗാങിനെ പാർട്ടി ആസ്ഥാനത്ത് നിന്നും താക്കോൽ സ്ഥാനങ്ങളിൽ നിന്നും പുറന്തള്ളാനുള്ള ഉദ്യമമാണോ?. അങ്ങിനെവേണം കരുതാൻ. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ പദം ഒഴിഞ്ഞിട്ട് ആഴ്ചകൾ കുറച്ചായി. രാജി പിൻവലിക്കില്ല എന്ന വാശിയിലാണ് അദ്ദേഹം എന്നതാണ് നാമൊക്കെ കോൺഗ്രസുകാരിൽ നിന്ന് മനസിലാക്കിയത്. വഴിപാടിനെന്ന പോലെ ലോകസഭയിൽ വന്നുപോകുന്ന രാഹുലിനെയാണ് അടുത്തിടെ കണ്ടത്. ഒരർഥത്തിൽ ആ പാർട്ടിയെ നയിക്കാൻ രാഹുലിന് കഴിയില്ലെന്ന് ഇതിനകം തെളിയിച്ചതാണ്. എന്നിട്ടും കോൺഗ്രസുകാർ രാഹുൽ രാഹുൽ രാഹുൽ എന്ന് പറഞ്ഞുനടക്കുമ്പോൾ, അതും മുതിർന്നവർ, ഇതൊക്കെ ഒരു നാടകമല്ലേ എന്ന് തോന്നിപ്പോകുന്നു. ഇനി രാഹുൽ ലക്ഷ്യമിടുന്നത് ആരെയാവാം?. മോത്തിലാൽ വോറ, എകെ ആന്റണി, ചിദംബരം, ദിഗ്‌വിജയ് സിങ്, കമൽനാഥ്, അഹമ്മദ് പട്ടേൽ, അശോക് ഗെഹ്‌ലോട്ട് ……… അങ്ങിനെ ആ നിര വലുതാവുമോ?
യഥാർഥത്തിൽ രാഹുൽ പ്രസിഡന്റായപ്പോൾ തന്നെ പാർട്ടി തലപ്പത്ത് വലിയ അഴിച്ചുപണി പലരും പ്രതീക്ഷിച്ചിരുന്നു. ഒരു ‘ യങ് ടർക്ക് ഗാങ് ‘ ആവും അവിടെ കയറിക്കൂടുക എന്ന് കരുതിയവരുമുണ്ട്. എന്നാൽ ആകെയുണ്ടായ മാറ്റം കെസി വേണുഗോപാലിന് സംഘടനാ ചുമതല നൽകിയതും ജ്യോതിരാദിത്യ സിന്ധ്യക്ക് ജനറൽ സെക്രട്ടറി കസേര കൊടുത്തതുമാണ്; പിന്നെ സ്വന്തം കുടുംബത്തിൽ നിന്ന് സഹോദരിയെ കൂടി ജനറൽ സെക്രട്ടറിയായി കൊണ്ടുവന്നു. പാർട്ടി ആസ്ഥാനം അപ്പോഴും പഴയ ‘താപ്പാനകളുടെ’ കയ്യിലായിരുന്നു. അഹമ്മദ് പട്ടേലും ആന്റണിയും ചിദംബരവും കപിൽ സിബലും മോത്തിലാൽ വോറയും ഗുലാംനബി ആസാദും ഒക്കെത്തന്നെ. അവരാണല്ലോ തിരഞ്ഞെടുപ്പ് കാലത്തും പാർട്ടിയുടെ മുഖമായി ജനങ്ങൾക്ക് മുന്നിലെത്തിയവർ. സിന്ധ്യയും പ്രിയങ്കയും ദയനീയ പരാജയമാവുകയും ചെയ്തു. അവരെ ചുമതല ഏൽപ്പിച്ചിടത്ത് കോൺഗ്രസിന് നിലം തൊടാനായില്ല. സിന്ധ്യ സ്വന്തം കുടുംബ മണ്ഡലത്തിൽ പോലും തോറ്റു. പാർട്ടി മുഖ്യമന്ത്രിമാരിൽ പഞ്ചാബിലെ അമരീന്ദർ സിങ് മാത്രമാണ് നീതി പുലർത്തിയത്; മറ്റിടത്തെല്ലാം,. മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടകം ഒക്കെ, പാർട്ടിയുടെ അടിത്തറ തകർന്ന അവസ്ഥയായി. അതിലേറെ പ്രധാനമാണ് , മുൻപ് പലപ്പോഴും സൂചിപ്പിച്ചതാണ് എങ്കിലും, രാഹുൽ അമേത്തിയിൽ പരാജയപ്പെട്ടത്. നായകൻ സ്വന്തം തട്ടകത്തിൽ തൂത്തെറിയപ്പെട്ടാലത്തെ അവസ്ഥ പറയേണ്ടതുണ്ടോ. ഒരർഥത്തിൽ രാഹുൽ ഗാന്ധിയെ അലട്ടിയ ഏറ്റവും വലിയ പ്രശ്നം അമേത്തിയിലെ തോൽവി തന്നെയാണ്.
കൂടെനിന്നവർ രാഹുലിനെ കബളിപ്പിച്ചു എന്നതാണ് ഒരു വിലയിരുത്തൽ. തെറ്റായ വിവരങ്ങൾ അവർ അദ്ദേഹത്തിന് കൊടുത്തു. പ്രചാരണ രംഗത്ത് നിന്ന് നൽകിയ ‘ഫീഡ് ബാക്കുകൾ’ കള്ളക്കഥകളായിരുന്നു. ഉപദേഷ്ടാക്കളായി വന്ന സാം പിട്രോഡമാർ ഉണ്ടാക്കിയ തലവേദനകൾ വേറെ. അതൊക്കെ കേട്ട് വിശ്വസിച്ച് പ്രധാനമന്ത്രി ആവാൻ രാഹുൽ സ്വയം തയ്യാറായി എന്നത് പോലും ഇന്ന് കോൺഗ്രസുകാർ പറയുന്നുണ്ടല്ലോ. അതൊക്കെ പുറത്തുവന്നത് അകത്തളങ്ങളിലെ തമ്പുരാക്കന്മാരിൽ നിന്നാവണം താനും. ആരാവണം ആഭ്യന്തരം കൈകാര്യം ചെയ്യേണ്ടത്, ധന മന്ത്രി, വിദേശകാര്യം…….. എന്നവയൊക്കെ അദ്ദേഹം തീരുമാനിച്ചു; ചില ഘടകകക്ഷി നേതാക്കളുമായി അക്കാര്യം ചർച്ച ചെയ്യുകപോലും ചെയ്തു. എന്നിട്ട് അവസാനം അടിത്തറ തോണ്ടപ്പെട്ടപ്പോൾ നിരാശ ഉണ്ടാവാതെ വരുമോ…….
മാത്രമല്ല, ഇനി ബിജെപിയെ പരാജയപ്പെടുത്തുക എളുപ്പമല്ല എന്ന തോന്നലും രാഹുലിന് ഉണ്ടായി. 200- ലേറെ ലോക്‌സഭാ മണ്ഡലങ്ങളിൽ ബിജെപിക്ക് 51 ശതമാനത്തിലേറെ വോട്ട് നേടാനായി എന്നത് ചെറിയ കാര്യമല്ലല്ലോ. അതേസമയം കോൺഗ്രസിന് അത്രത്തോളം മണ്ഡലങ്ങളിൽ കെട്ടിവെച്ച പണം പോകുകയാണ് ഉണ്ടായത്. ‘മഹാ ഗദ്‌ബന്ധൻ’ ഒക്കെ അടിച്ചുപൊളിയുന്നതും നാം കണ്ടു. കർണാടകത്തിൽ കണ്ട ആ ആഘോഷം ഓർമ്മയില്ലേ; അവിടെനിന്ന് പ്രതിപക്ഷം എവിടെയെത്തി?. ഒരർഥത്തിൽ രാഹുലിന്റെ പക്ഷത്ത് നിന്ന് ചിന്തിച്ചുനോക്കൂ ……,, ഇത്രയേറെ അധ്വാനിച്ചിട്ടും ഇത്രയേറെ നുണ പ്രചാരണം നടത്തിയിട്ടും ഇത്രക്കൊക്കെ പണം ചിലവിട്ടിട്ടും ആകെ അധികമായി നേടാനായത് അഞ്ചേ അഞ്ചു സീറ്റുകൾ മാത്രമാണ്. അതായത് 2014 -നേക്കാൾ അഞ്ചു സീറ്റുകൾ കൂടുതൽ . എങ്ങിനെ ഈ പാർട്ടിയെ നന്നാക്കും എന്ന് രാഹുൽ ചിന്തിച്ചാൽ അതിശയിക്കാനുണ്ടോ. പാർട്ടിയുടെ മാത്രമല്ല അദ്ദേഹത്തിന്റെ സ്വന്തം വിശ്വാസ്യതയും ചോർന്ന് പോയല്ലോ ഇത്തവണ .
ഇതൊക്കെയാണ് രാജിയാണ് ഏക പോംവഴി എന്നതിലേക്ക് രാഹുലിനെ കൊണ്ടുചെന്നെത്തിച്ചത് എന്നത് തീർച്ച . എന്നാൽ പിന്നീട് ഒരു മാറ്റം മനസ്സിൽ ഉണ്ടായിരിക്കണം. അതാവണം നേതാക്കളുടെ രാജികളിലേക്ക് കാര്യങ്ങൾ എത്തിച്ചത്. രാജി പിൻവലിച്ചുകൊണ്ട് നേതാവ് തിരിച്ചുവരുമെന്ന് അത് സൂചിപ്പിക്കുന്നുണ്ട് …… രാഹുൽ അതൊക്കെ നിഷേധിക്കുമ്പോഴും. ഒരുപക്ഷെ തനിക്ക് വിശ്വസിക്കാവുന്ന ഒരു ഗ്രൂപ്പിനെ കൂടെ നിർത്താനുള്ള ശ്രമമാവണം ഇത്. അതിന് സ്വയം കുറേപ്പേർ കുടിയൊഴിയട്ടെ എന്ന് ചിന്തിച്ചിരിക്കണം. അങ്ങിനെ വരുമ്പോൾ അദ്ദേഹം ലക്ഷ്യമിടുന്നത് ‘ചെറിയ ശല്യക്കാരെ’യാണ് എന്ന് കരുതിക്കൂടാ, വലിയ ആൾക്കാരെ തന്നെയാവണം. ഒരു സ്വയം ഒഴിച്ചുപോക്കിന് അവസരം കൊടുത്തിരിക്കുന്നു; വിആർഎസ് പദ്ധതി. വിആർഎസ് ആണെങ്കിലും എന്തെങ്കിലും ബെനെഫിറ്റ്‌സ് പ്രതീക്ഷിക്കേണ്ട; ഇതുവരെ കിട്ടിയതൊക്കെ മതി, ഇനി സ്ഥാനമൊഴിയൂ, സ്ഥലം ഒഴിയു എന്നതാണ് ആ സന്ദേശം.
ഇതിൽ ആന്റണിയെയും വയലാർ രവിയേയും മോത്തിലാൽ വോറയെയും അഹമ്മദ് പട്ടേലിനെയും ചിദംബരത്തെയും പോലുള്ളവർ ഉണ്ട്. ചിലരൊക്കെ തോറ്റു ഇത്തവണ; ചിലർ അഴിമതിക്കേസുകൾ നേരിടുന്നു……….. അവരും സീറ്റിനായി വീണ്ടും നടക്കുന്നു; ഒന്നാലോചിച്ചു നോക്കൂ, 25 -30 വയസ്സ് മുതൽ പാർട്ടിയിൽ നിർണ്ണായക സ്ഥാനങ്ങൾ വഹിക്കുന്ന ഒരു കൂട്ടരാണിവർ. ഇപ്പോൾ എണ്പതുകളിലെത്തിയവർ, എഴുപത് പിന്നിട്ടവർ ഒക്കെ . അവർക്കൊക്കെ അധികാരമോഹമില്ല എന്നാണ് പറയാറുള്ളത്; എന്നാൽ ഒരിക്കലും അവർ പാർലമെന്ററി വ്യാമോഹത്തിന്റെ പിടിയിൽ നിന്ന് മോചിതമായിട്ടില്ല. അതൊക്കെ നേരിടാൻ ഇനിയെങ്കിലും രാഹുലിന് കഴിയുമോ എന്നതാണ് പ്രശ്നം. അത് ഡൽഹിയിൽ മാത്രമല്ലല്ലോ, ഒട്ടേറെ സംസ്ഥാനങ്ങളിലുണ്ട്. അവരെയൊക്കെ നിയന്ത്രിക്കാൻ പുറത്തു നിർത്താനായാൽ കോൺഗ്രസ് രക്ഷപ്പെടും എന്നതാണത്രേ ഇന്നിപ്പോൾ രാഹുലിന്റെ വിശ്വസ്തർ കരുതുന്നത്. അത് സാധ്യമാവുമോ; അത് നടപ്പിലാക്കാൻ രാഹുലിന് കഴിയുമോ?. അതൊരു വെല്ലുവിളിയാണ്. അവിടെ വിജയിച്ചാൽ രാഹുലിന് പ്രതീക്ഷയുണ്ട്; അധികാരത്തിലെത്താൻ ഒന്നുമായില്ലെങ്കിലും പാർട്ടിയെ സജീവമായി നിർത്താൻ കഴിയുമെന്ന് . അതെ ഇന്ത്യയും രാഹുലിൽ നിന്ന് പ്രതീക്ഷിക്കുന്നുള്ളു.
Post Your Comments