ഗുവാഹത്തി : ആളുമാറി പോലീസ് ക്യാമ്പിലേക്ക്. ഒടുവില്‍ ദുരിത ജീവിതം അവസാനിപ്പിച്ച് മധുബാല മണ്ഡല് വീട്ടില്‍ തിരിച്ചെത്തി. പതിനഞ്ച് വര്‍ഷം മുന്‍പ് മരിച്ചു പോയ വ്യക്തിക്ക് പകരം രണ്ടര വര്‍ഷമാണ് ഇവര്‍ കൊക്രജാര്‍ ജയിലിലെ ക്യാമ്പില്‍ തടവിലാക്കപ്പെട്ടത്. ജീവിതത്തില്‍ തനിക്ക് നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും മധുബാല ആവശ്യപ്പെടുന്നു. വെസ്റ്റേണ്‍ അസമിലെ ചിരാംഗ് ജില്ലയില്‍ ബിഷ്ണുപൂരിലുള്ള വീട്ടില്‍ നിന്ന് 2016 നവംബറിലാണ് ആളുമാറി മധുബാലയെ ഡിറ്റന്‍ഷന്‍ ക്യാമ്പിലേക്ക് ഉദ്യോഗസ്ഥര്‍ പിടിച്ച് കൊണ്ട് പോയത്.
‘അന്ന് ഞാനെന്റെ എല്ലാ രേഖകളും അവര്‍ക്ക് കാണിച്ച് കൊടുത്തു, വിശദീകരിച്ചു, പക്ഷേ ആരും തന്റെ വാക്കുകള്‍ കേട്ടില്ല’, നഷ്ടപ്പെട്ട കാലത്തെ ഓര്‍ത്ത് മണ്ഡല് പരിതപിക്കുകയാണ്. ഡിറ്റന്‍ഷന്‍ ക്യാമ്പിലെ ദുരിത ജീവിതവും അസഹനീയമായിരുന്നു മധുബാലയ്ക്ക്. മോശം ഭക്ഷണവും ചുറ്റുപാടും അവരെ അങ്ങേയറ്റം ക്ഷീണിതയാക്കി. ഈ മോചനത്തില്‍ സന്തോഷമുണ്ടെങ്കിലും നഷ്ടപ്പെട്ട ജീവിതത്തിന് നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും പറയുന്നു മധുബാല മണ്ഡല്.
ആളുമാറിപ്പോയെന്ന് വ്യക്തമാക്കിയാണ് ഇപ്പോള്‍ മണ്ഡലിനെ മോചിപ്പിച്ചത്. ചിരാംഗ് പോലീസ് സൂപ്രണ്ടിന്റെ അന്വേഷണത്തില്‍ ഇതുമായി ബന്ധപ്പെട്ട് കണ്ടെത്തിയത് മധുമാല ദാസ് പതിനഞ്ച് വര്‍ഷം മുന്‍പ് മരിച്ചു പോയി എന്നാണ്. പതിറ്റാണ്ട് മുന്‍പ് മരിച്ചു പോയ വ്യക്തിക്ക് പകരം തന്റെ ജീവിതം കുരുതി കൊടുക്കേണ്ടി വന്നതോര്‍ക്കുമ്പോള്‍ മധുബാലയ്ക്ക് സമനില നഷ്ടപ്പെടും. സംസാരിക്കാനോ കേള്‍ക്കാനോ കഴിവില്ലാത്ത മകള്‍ മാത്രമാണ് മണ്ഡലിനുള്ളത്.
അത് കൊണ്ട് തന്നെ നിയമപോരാട്ടങ്ങളൊന്നും നടത്താന്‍ ആരുമുണ്ടായിരുന്നില്ല. ഫോറിനേഴ്സ് ട്രിബ്യൂണല്‍ നല്കിയ വിവരമനുസരിച്ച് വിദേശിയാണെന്ന് പറയുന്ന മധുമാല എന്ന സ്ത്രീക്ക് പകരമാണ് മധുബാലയെ കൊക്രജാര്‍ ജയിലിലെ ക്യാമ്പില്‍ തടവിലാക്കിയത്. തിരിച്ചു കിട്ടിയ ജീവിതത്തിന് നന്ദി പറയുമ്പോഴും ഭരണകൂടത്തിന്റെ പിഴവില്‍ തനിക്ക് നഷ്ടമായ ദിവസങ്ങളെകുറിച്ചോര്ത്ത് കണ്ണീരണിയുകയാണ് മധുബാല.
Post Your Comments