KeralaLatest News

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 22 ഇടവും പിടിച്ച് എല്‍ഡിഎഫിന് മേല്‍ക്കൈ, പാലക്കാട് സീറ്റ് നിലനിര്‍ത്തി ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണവാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. 22 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 17 ഇടത്ത് യുഡിഎഫും അഞ്ചിടത്ത് ബിജെപിയും ജയം നേടി. എല്‍ഡിഎഫ് – 23, യുഡിഎഫ് – 17, ബിജെപി -4 എന്നിങ്ങനെയായിരുന്നു നേരത്തെ സീറ്റ് നില.

പാലക്കാട് ജില്ലയില്‍ സിപിഎമ്മും ബിജെപിയും സീറ്റ് നിലനിര്‍ത്തി. കൊഴിഞ്ഞാമ്പാറ പഞ്ചായത്തില്‍ 16 ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വനജ കണ്ണന്‍ വിജയിച്ചു. അതേസമയം, മലമ്പുഴ പഞ്ചായത്ത് കടുക്കാംകുന്ന് വാര്‍ഡില്‍ ബിജെപിയിലെ സൗമ്യയാണ് വിജയിച്ചത്.

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ആറ് സീറ്റുകള്‍ എല്‍ഡിഎഫും ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു. എല്‍ഡിഎഫ് ജയിച്ച എഴ് സീറ്റുകള്‍ യുഡിഎഫും തിരിച്ചു പിടിച്ചു. ഇതോടൊപ്പം കല്ലറ പഞ്ചായത്ത് ഭരണവും അവര്‍ നേടി. തൃശ്ശൂര്‍ ജില്ലയില്‍ ഉപതെരഞ്ഞടുപ്പ് നടന്ന നാല് വാര്‍ഡുകളില്‍ എല്‍ഡിഎഫിന്റെ കൈവശമുണ്ടായിരുന്ന മൂന്ന് സീറ്റുകളടക്കം എല്ലാം യുഡിഎഫ് ജയിച്ചു.

തിരുവനന്തപുരം കല്ലറ പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വെള്ളംകുടി വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. നിലവിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ സര്‍ക്കാര്‍ ജോലി കിട്ടി രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇടുക്കിയിലെ മാങ്കുളം, വയനാട്ടിലെ മുട്ടില്‍ പഞ്ചായത്തുകളിലെ ഉപതെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ ജയിച്ചതോടെ രണ്ട് പഞ്ചായത്തുകളിലേയും ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി.

തൊടുപുഴ നഗരസഭ 23ാം വാര്‍ഡിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി മായ ദിനു(574 വോട്ടുകള്‍) വിജയിച്ച് സീറ്റു നിലനില്‍ത്തി. യുഡിഎഫിലെ നാഗേശ്വരി അമ്മാളിന് 145 വോട്ടും എല്‍ഡിഎഫ് പ്രതിനിധി രാജി രാജന് 137 വോട്ടുമാണ് ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button