അഹമ്മദാബാദ്: പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച അല്‍പേഷ് താക്കൂറിനെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ വിശദീകരണവുമായി അല്‍പേഷ് താക്കൂര്‍. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് അംഗം തന്നെയാണെന്നും പാര്‍ട്ടി പദവികളില്‍ നിന്നാണ് ഒഴിഞ്ഞതെന്നും താക്കൂര്‍ പറഞ്ഞു. തന്റെ രാജി തെളിയിക്കുന്ന രേഖകളൊന്നും കോണ്‍ഗ്രസിന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും രാജി സ്വീകരിച്ചുവെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കിയില്ലെന്നും താക്കൂര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
അതുകൊണ്ട് തന്നെ അയോഗ്യനാക്കാന്‍ കഴിയില്ലെന്നും ഗുജറാത്ത് ഹൈക്കോടതിയ്ക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ താക്കൂര്‍ പറഞ്ഞു. അല്‍പേഷ് താക്കൂര്‍ വാട്‌സ്‌ആപ്പ് വഴി നല്‍കിയ രാജി അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് കോടതിയില്‍ പരാതി നല്‍കിയത്. രാജി സ്വീകരിച്ചതായി കോണ്‍ഗ്രസ് അല്‍പേഷിനെ അറിയിച്ചിരുന്നില്ല. കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയാണെന്നും താക്കൂര്‍ സേന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് രാജിയെന്നും അല്‍പേഷ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഗുജറാത്ത് നിയമസഭാംഗത്വം കൂറുമാറ്റ നിരോധന നിയമപ്രകാരം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഒബിസി നേതാവ് അല്‍പേഷ് താക്കൂറിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അല്‍പേഷ് താക്കൂറിന്റെ അംഗത്വം റദ്ദാക്കണമെന്ന് പാര്‍ട്ടി നേതൃത്വം സ്പീക്കറോട് ആവശ്യപ്പെട്ടെങ്കിലും, നടപടിയുണ്ടായില്ല. രണ്ട് മാസത്തോളം നടപടിക്കായി കാത്ത ശേഷമാണ് ഗുജറാത്ത് പിസിസി ഹൈക്കോടതിയെ സമീപിച്ചിച്ചത്.
Post Your Comments