Latest NewsIndia

മോദിയുടെ പാരിതോഷികങ്ങള്‍ ലേലത്തില്‍ പിടിച്ച് പ്രദര്‍ശനത്തിന് വയ്ക്കുകയാണ് ഈ കോളേജ്

മോതിഹാരി: എഴുത്തുകാരനായ ജോര്‍ജ്ജ് ഓര്‍വെല്‍സ് ജനിച്ച സ്ഥലം അല്ലെങ്കില്‍ മഹാത്മാഗാന്ധികളുടെ ഇന്ത്യന്‍ മണ്ണിലെ ആദ്യത്തെ നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രദേശം എന്നിങ്ങനെ സഞ്ചാരികള്‍ക്ക് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് വടക്കന്‍ ബീഹാറിലെ മോതിഹാരി എന്ന ചെറിയ ടൗണ്‍. ഇപ്പോള്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കാണാനായി ചില വിശിഷ്ടവസ്തുക്കള്‍ കൂടി പ്രദര്‍ശിപ്പിക്കുകയാണ് ടൗണിലെ ഒരു ബി എഡ് കോളേജ് .

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച പാരിതോഷികങ്ങളാണ് ഇവിടെ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. സ്വച്ഛ് ഭാരത് യോജന, ഉജ്ജ്വല പദ്ധതി, സ്റ്റാര്‍ട്ട് അപ് ഇന്ത്യ തുടങ്ങി മോദി കൊണ്ടുവന്ന പദ്ധതികളുടെ ചിത്രീകരണവും ഇവിടെയുണ്ട്. മറ്റൊരു ശ്രദ്ധേയമായ പ്രദര്‍ശനം ബുദ്ധ സ്തൂപം പോലെ രൂപകല്‍പ്പന ചെയ്ത ഒരു മെമന്റോയാണ്. ബി ആര്‍ അംബേദ്കറുടെ സ്മാരകനിര്‍മാണം ആരംഭിച്ചതിന് ശേഷം മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചതാണിത്.

ഡല്‍ഹിയില്‍ ലേലത്തിന് വച്ച ആയിരത്തിലധികം മെമന്റോകളില്‍ ചിലത് നേടാനായത് ബിഹാറില്‍ തങ്ങള്‍ക്ക് മാത്രമാണെന്ന് കോളേജ് അധികൃതരായ രാധാകൃഷ്ണ സേവാ സന്‍സ്ഥാന്റെ തലവനായ യമുന സെകാരിയ പറയുന്നു. മോതിഹാരിയില്‍ അറിയപ്പെടുന്ന സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകനായ ശംഭു നാഥ് സെകരിയയുടെ മകനാണ് യമുന സെകാരിയ. മോദിയുടെ കടുത്ത ആരാധകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യക്തിയാണ് സെകാരിയ. അതേസമയം ലേലത്തില്‍ വാങ്ങിയ സാധനങ്ങളുടെ വില വെളിപ്പെടുത്താന്‍ സെകറിയ വിസമ്മതിച്ചു, ‘ഇത് വാണിജ്യാവശ്യങ്ങള്‍ക്കായുള്ള വില്‍പ്പനയല്ലെന്നും അതിനാല്‍ പങ്കെടുത്ത എല്ലാവരോടും ഇത് രഹസ്യമായി സൂക്ഷിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നമാമി ഗംഗ പദ്ധതിക്കായാണ് തനിക്ക് ലഭിച്ച പാരിതോഷികങ്ങള്‍ ലേലം ചെയ്ത തുക മോദി ഉപയോഗിക്കുന്നത്.പ്രധാനമന്ത്രിയുടെ മെമന്റോകളുടെ ലേലത്തില്‍ പങ്കെടുത്തവരെ അഭിനന്ദിച്ചുകൊണ്ട് നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്‌സ് നല്‍കിയ സര്‍ട്ടിഫിക്കറ്റും കോളേജില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button