Latest NewsKerala

കാട്ടുകൊമ്പന്‍ പടയപ്പ നടുറോഡില്‍, ഭയന്ന് വിറച്ച് സഞ്ചാരികള്‍

മൂന്നാര്‍: ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആളുകളെ മുള്‍മുനയില്‍ നിര്‍ത്തി കാട്ടുകൊമ്പന്‍ പടയപ്പ. മാട്ടുപെട്ടിക്കാര്‍ക്ക് ചിരപരിചിതനായ പടയപ്പ കാലിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് റോഡിലിറങ്ങിയതെന്നാണ് കരുതുന്നത്. നാട്ടാനയാണെന്ന് തെറ്റിദ്ധരിച്ച് വിനോദസഞ്ചാരികള്‍ ഫോട്ടോ എടുക്കാന്‍ തുടങ്ങിയതോടെയാണ് ആന അക്രമകാരിയായത്.

തുടര്‍ന്ന് പെട്ടിക്കടകള്‍ തകര്‍ത്ത് ആന ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഉണ്ടായ പരിക്ക് പഴുത്ത് വേദനയായതിനാലാകാം പടയപ്പ അക്രകാരിയായതെന്നാണ് സംശയിക്കുന്നത്. ഒരു മണിക്കൂറോളം പ്രദേശത്ത് ഭീതിപരത്തിയ പടയപ്പയെ വിരട്ടിയോടിക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം വിഫലമാകുകയായിരുന്നു. മാട്ടുപ്പെട്ടി സണ്‍മൂണ്‍ വാലി പാര്‍ക്കിന്റെ കവാടത്തിന് മുന്നിലാണ് ഞായറാഴ്ച്ച വൈകുന്നേരം 4.30 തോടെ കാട്ടാന എത്തിയത്. എസ്റ്റേറ്റിലെ വാഴകൃഷി നശിപ്പിച്ചശേഷം കാടുകയറിയെങ്കിലും വൈകുന്നേരത്തോടെ ബോട്ടിംങ്ങ് സെന്ററിന് സമീപം വീണ്ടുമെത്തുകയായിരുന്നു.

റോഡില്‍ ആന നിലയുപ്പിച്ചതോടെ പാര്‍ക്കിനുള്ളിലുണ്ടായിരുന്നവര്‍ ഭീതിയിലായി. റോഡിലൂടെ വാഹനങ്ങളെ കടത്തിവിടാതെ നിലയുറപ്പിച്ച കൊമ്പന്‍ ഒരു മണിക്കൂറിലേറെ നാട്ടുകാരെയും വിനോദ സഞ്ചാരികളെയും മുള്‍മുനയില്‍ നിര്‍ത്തി. തുടര്‍ന്ന് ആന സ്വയം ഉള്‍ക്കാട്ടിലേക്ക് കയറി പോകുകയായിരുന്നു. ആന റോഡില്‍ നിന്നു പോയി എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ഗതാഗതം പൂര്‍ണ്ണ നിലയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button