കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ എതിര്‍ക്കാന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് കോണ്‍ഗ്രസ്സിനോടും സി.പി.എമ്മിനോടും ആവശ്യപ്പെട്ട് മമത ബാനര്‍ജി. ബംഗാളിൽ മമതയുടെ ഏറ്റവും വലിയ എതിരാളിയായ സി.പി.എമ്മിനോട് ഇതാദ്യമായാണ് ഇത്തരമൊരു അഭ്യര്‍ത്ഥന മമത ബാനര്‍ജി നടത്തുന്നത്. സിപിഎം പ്രവർത്തകരെ ഏറ്റവും കൂടുതൽ അക്രമിച്ചിട്ടുള്ളതും തൃണമൂൽ കൊണ്ഗ്രെസ്സ് ആണ്. ഇതിനാൽ പല പാർട്ടി പ്രവർത്തകരും ബിജെപിയിലേക്ക് ചേർന്നതായും റിപ്പോർട്ടുകളുണ്ട്.
ഇപ്പോൾ തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്കാണ് മമതയെ ഭയപ്പെടുത്തുന്നത്. ‘ഈ നാട്ടിലെ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ ഭട്പര പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നു. എനിക്ക് തോന്നുന്നത് നമ്മളെല്ലാം – തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സിപിഎം- ഒരുമിച്ച് നിന്ന് ബിജെപിയെ എതിര്‍ക്കണം എന്നാണ്. രാഷ്ട്രീയമായി ഒരുമിച്ച് നില്‍ക്കണമെന്ന അര്‍ത്ഥം അതിനില്ല. പക്ഷെ ദേശീയ തലത്തില്‍ സമാനമായ അഭിപ്രായങ്ങളില്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കണം,’ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷകൂടിയായ മമത ബാനര്‍ജി ബംഗാൾ നിയമസഭയിൽ പറഞ്ഞു.
നീണ്ട 34 വര്‍ഷത്തെ സി.പി.എംഭരണം അവസാനിപ്പിച്ച് 2011ലാണ് മമത ബാനര്‍ജി പശ്ചിമ ബംഗാള്‍ അധികാരത്തിലെത്തിയത്. അതിനു ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് മമതയും സംഘവും വലിയ ഒരു മത്സരം നേരിട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് 22 സീറ്റ് നേടിയപ്പോള്‍ 18 ഇടത്ത് ബി.ജെ.പി വിജയിച്ചു. ശേഷം സംസ്ഥാനത്ത് ആരംഭിച്ച സംഘര്‍ഷങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.
Post Your Comments