തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ തെറ്റ് തിരുത്താനൊരുങ്ങി സിപിഎം. താഴേത്തട്ടിലേക്കിറങ്ങി ജനങ്ങളെ ഒപ്പം നിര്‍ത്താനൊരുങ്ങുകയാണ് സിപിഎം. ഗൃഹസന്ദര്‍ശനവും മേഖലാ യോഗങ്ങളുമായി ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുക എന്നതാണ് പാര്‍ട്ടിയുടെ ഉദ്ദേശം. താഴെ തട്ടില്‍ ജനങ്ങളുമായി ബന്ധം ശക്തിപ്പെടുത്താതെ മുന്നോട്ട് പോക്ക് ദുഷ്‌കരമാകുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. എസ് രാമചന്ദ്രന്‍ പിള്ള സംസ്ഥാന സമിതിയില്‍ നടത്തിയ കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്ന് നടന്ന ചര്‍ച്ചയിലും ഒരു വിഭാഗം ജനങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടു എന്ന കാര്യം ഉറപ്പിച്ചിരുന്നു.
സിപിഎമ്മിന്റെ പതനത്തിന് കാരണം ശബരിമലയാണെന്ന് പാര്‍ട്ടി സെക്രട്ടറി എടുത്ത് പറയുന്നില്ലെങ്കിലും തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണം വിശ്വാസികള്‍ കൈവിട്ടതാണെന്ന കാര്യം കേന്ദ്ര റിപ്പോര്‍ട്ടിലും അംഗങ്ങളുടെ ചര്‍ച്ചയിലും ഉയര്‍ന്നു കേട്ടു. വിശ്വാസത്തെ ബിജെപിയും കോണ്‍ഗ്രസും പ്രചാരണായുധമാക്കിയപ്പോള്‍ എല്‍ഡിഎഫിന് അടിപതറി. ജനങ്ങളെ കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്താന്‍ വീടുകളിലെത്തി ജനങ്ങളെ കാണണം എന്നതാണ് സിപിഎം ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം.
Post Your Comments