വാറ്റുപുഴ: മൂവാറ്റുപുഴ വിവോകാനന്ദ പബ്ലിക് സ്‌കൂളിലെ അസംബ്ലിക്കിടയിലേയ്ക്ക് കാര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. അരിക്കുഴ ചിറ്റൂര്‍ പാലക്കാട്ടുപുത്തന്‍പുരയില്‍ ദീപുവിന്റെ ഭാര്യ രേവതി (26) ആണു മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പത്തുമണിക്കാണ് സ്‌കൂളിലെ അസംബ്ലിയിലേയ്ക്ക് നിയന്ത്രണംവിട്ട കാര്‍ പാഞ്ഞു കയറി അപകടം ഉണ്ടായത്. സ്‌കൂളിന്റെ അക്കാഡമിക് ഡയറക്ടറുടെ കാറാണ് നിയന്ത്രണം വിട്ട് സ്‌കൂളിന് മുന്നില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
യോഗദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയ്ക്കിടയിലേയ്ക്കാണ് കാര്‍ ദുരന്തം പോലെ കടന്നു വന്നത്. കാര്‍ പാഞ്ഞുവരുന്നതു കണ്ട രേവതിക്ക് വിദ്യാര്‍ത്ഥികളെ രക്ഷിക്കുന്നതിനിടയില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് രേവതി മരിച്ചത്. അപകടത്തില്‍ പത്ത് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു.
സ്‌കൂളിലേയ്ക്ക് വന്ന അക്കാഡമിക് ഡയറക്ടറായ ആര്‍. കൃഷ്ണകുമാര്‍ വര്‍മയുടെ കാറിനു കുറുകെ കടന്ന ദേഹത്തു തട്ടാതെ വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണം വിട്ട് അസംബ്ലിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ രേവതിയുടെ ദേഹത്താണ് ആദ്യം കാര്‍ തട്ടിയത്. അധ്യാപികയെ വലിച്ചിഴച്ച് മുന്നോട്ടുനീങ്ങിയ കാര്‍ കുട്ടികളെയും തട്ടിവീഴ്ത്തുകയായിരുന്നു.
Post Your Comments