
കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും. അന്വേഷണത്തിന്റെ ഭാഗമായി പി.കെ ശ്യാമളയെ ഉടന്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി കെ ശ്യാമളയ്ക്ക് അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും. സാജന്റെ ഭാര്യയുടേതടക്കം നിലവില്‍ ലഭിച്ച നാല് മൊഴികളുടെ അടിസ്ഥാനത്തിലാണ് ആരോപണ വിധേയരുടെ മൊഴിയെടുക്കാന്‍ പൊലീസ് ഒരുങ്ങുന്നത്. നാര്‍ക്കോട്ടിക് ഡിവൈഎസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്. പി കെ ശ്യാമളയ്ക്ക് എതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുന്നതില്‍ നിയമപരമായ തടസ്സങ്ങളുണ്ടോയെന്നത് പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. എന്നാല്‍ ശ്യാമളയ്ക്ക് എതിരെ ഉടന്‍ തന്നെ കേസെടുക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. സാജന്റെ കുടുംബാംഗങ്ങള്‍ ശ്യാമളക്കെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നത്.
പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത് 15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനം നൊന്താണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജന്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണം ആരംഭിച്ചത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു.
Post Your Comments