Life Style

നാരങ്ങ തൊലിയുടെ ഗുണങ്ങള്‍

നാരങ്ങയില്‍ നിന്ന് ജ്യൂസ്‌ എടുത്തതിന് ശേഷം നാരങ്ങയുടെ തൊലി കളയുകയാണ് പതിവ്. വളരെ ചുരുക്കം പേര്‍ മാത്രമാണ് നാരങ്ങയുടെ തൊലി അച്ചാര്‍ ഇടുന്നത്. എന്നാല്‍ ചര്‍മകാന്തിയ്ക്കും മുടിയുടെ ആരോഗ്യത്തിനും നാരങ്ങയുടെ തൊലി ഉപയോഗപ്പെടുത്താമെന്ന് പലര്‍ക്കും അറിയില്ല. നാരങ്ങയുടെ ജ്യൂസില്‍ അടങ്ങിയതിനേക്കാള്‍ കൂടുതല്‍ വിറ്റാമിനുകള്‍ നാരങ്ങയുടെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനൊപ്പം തന്നെ മിനറലുകളുടെയും ഫൈബറുകളുടെയും കലവറയാണ് നാരങ്ങ തൊലി. ക്യാന്‍സറിനെതിരേ ശക്തമായ ആയുധമാണ് നാരങ്ങത്തൊലി. ക്യാന്‍സര്‍ കോശങ്ങളോട് പടവെട്ടാനും അവയെ നശിപ്പിക്കാനും ശേഷിയുള്ള സാല്‍വെസ്‌ട്രോള്‍ ക്യു 40, ലിമോണീന്‍ എന്നിവ നാരങ്ങത്തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ചായയില്‍ നാരങ്ങത്തൊലി ചേര്‍ത്ത് കഴിക്കുന്നത് ക്യാന്‍സര്‍ രോഗങ്ങളെ തുരത്തുമെന്ന് ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. നാരങ്ങാത്തൊലിയില്‍ കൂടിയ അളവില്‍ വിറ്റാമിന്‍ സിയും കാത്സ്യവും അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളെ ബലപ്പെടുത്താന്‍ ഇതിനു കഴിയുന്നു. വിറ്റാമിന്‍ സിയുടെ അഭാവം കൊണ്ട് ഉണ്ടാകുന്ന വായനാറ്റം, മോണ പഴുപ്പ്, സ്കര്‍വി തുടങ്ങിയ രോഗങ്ങള്‍ക്ക് നാരങ്ങ തൊലി നല്ല ഒരു പരിഹാരമാണ്.

നാരങ്ങയിലെ സിട്രിക് ആസിഡും വിറ്റാമിന്‍ സിയും വായ ശുചിത്വം, ദന്തപരിപാലനം എന്നിവയ്ക്ക് ഫലപ്രദമാണ്. നാരങ്ങതൊലിയില്‍ അടങ്ങിയിട്ടുള്ള പെക്ടിന്‍ എന്ന ഘടകം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. നാരങ്ങാത്തൊലിയില്‍ ഉള്ള പോളിഫെനോള്‍ ഫ്‌ളേവനോയിഡുകള്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഫലപ്രദമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. അതുപോലെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഉത്തമമാണ് നാരങ്ങാത്തൊലി. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ഹൃദയാരോഗ്യം നിയന്ത്രിക്കുന്നതിലും നാരങ്ങാത്തൊലിക്ക് ഒരു പങ്കു വഹിക്കാനാകും. കൊളസ്‌ട്രോള്‍ നില പാകപ്പെടുത്തി ഹൃദയസംബന്ധമായ അസുഖങ്ങളേയും ഹൃദയാഘാതത്തെയും തടയാനും ഇതിനു കഴിയും.

ചര്‍മ സംരക്ഷണത്തിലും നാരങ്ങ തൊലി പ്രധാന പങ്ക് വഹിക്കുന്നു. തൊലിപ്പുറത്തെ ചുളിവുകള്‍, കറുത്ത പാടുകള്‍, മുഖക്കുരു, വര്‍ണവ്യതിയാനം എന്നിവയെ സുഖപ്പെടുത്താനും തടയാനും നാരങ്ങ തൊലിക്ക് കഴിയും. ദഹന പ്രക്രിയ ത്വരിതപ്പെടുത്താനും രക്ത ധമനികളെ ബലപ്പെടുത്താനും ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും നാരങ്ങ തൊലി സഹായിക്കും. മുറിച്ചെടുക്കുന്ന ചില പഴവര്‍ഗങ്ങളുടെ നിറം മാറുന്നത് തടയാനും നാരങ്ങ തൊലി സഹായിക്കുന്നു. മുറിച്ചെടുത്ത പഴവര്‍ഗങ്ങള്‍ നാരങ്ങ തൊലിയിട്ട വെള്ളത്തിലിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് പഴ വര്‍ഗങ്ങളുടെ നിറം മാറാതിരിക്കാന്‍ സഹായിക്കും.ഇനി നാരങ്ങാ തൊലി എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിലേക്ക് വരാം. നാരങ്ങാതൊലി രണ്ടു മണിക്കൂര്‍ നേരം ഫ്രീസറില്‍ വച്ച് തണുപ്പിച്ചെടുക്കുക. അതിനുശേഷം അവ തേങ്ങാപ്പീര പോലെ ചീകിച്ചെടുക്കുക. കാബേജും മറ്റും അരിയാനുപയോഗിക്കുന്ന ഗ്രേറ്റിംഗ് ഷീറ്റ് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചീകിയെടുക്കുന്ന നാരങ്ങാതൊലി ആഹാരത്തിലും കുടിയ്ക്കുന്ന വെള്ളത്തിലും ചേര്‍ത്ത് കഴിക്കാം

shortlink

Post Your Comments


Back to top button