തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ (Economically Weaker Section) സംവരണത്തിന്റെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 155 എം.ബി.ബി.എസ്. സീറ്റുകള്‍ ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ പഠിക്കാന്‍ അവസരം ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ആകെ സീറ്റുകളുടെ 10 ശതമാനം സീറ്റുകളാണ് സാമ്പത്തിക സംവണമായി അനുവദിക്കുന്നത്. ഇ.ഡബ്ല്യു.എസ്. ക്വാട്ട അനുസരിച്ച് 2019-20 അധ്യായന വര്‍ഷത്തില്‍ തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 50, കോട്ടയം മെഡിക്കല്‍ കോളേജ് 25, എറണാകുളം മെഡിക്കല്‍ കോളേജ് 10, മഞ്ചേരി മെഡിക്കല്‍ കോളേജ് 10, കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് 10, തൃശൂര്‍ മെഡിക്കല്‍ കോളേജ് 25, ആലപ്പുഴ മെഡിക്കല്‍ കോളേജ് 25 എന്നിങ്ങനെയാണ് സീറ്റ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 250, കോട്ടയം മെഡിക്കല്‍ കോളേജില്‍ 175, എറണാകുളം മെഡിക്കല്‍ കോളേജില്‍ 110, മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 110, പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 110, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 175, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 175 എന്നിങ്ങനെയാണ് ആകെ സീറ്റുകള്‍ വര്‍ധിച്ചത്. ഇതുകൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 250 സീറ്റുകളും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ 100 സീറ്റുകളും നിലവിലുണ്ട്. ഇതോടെ നിലവിലുണ്ടായിരുന്ന 1300 എം.ബി.ബി.എസ്. സീറ്റുകള്‍ 1455 സീറ്റുകളായി വര്‍ധിച്ചിട്ടുണ്ട്.
Post Your Comments