
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ അമ്രോഹയില്‍ ഐ.എസ്. മാതൃകയില്‍ തീവ്രവാദ ഗ്രൂപ്പ് സ്‌ഥാപിച്ച 10 പേര്‍ക്കെതിരേ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു. പട്യാല ഹൗസ് കോടതിയില്‍ അവധിക്കാല ജഡ്‌ജി ജസ്‌റ്റിസ് എ.എസ്.ജെ. അജയ്‌കുമാര്‍ മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡല്‍ഹി സ്വദേശികളായ മുഫ്‌തി മുഹമ്മദ് സുഹൈല്‍, മുഹമ്മദ് ഫയസ് എന്നിവരാണ് പ്രധാന പ്രതികള്‍.
സുഹൈലും ഫയസും ചേര്‍ന്ന് ഐ.എസ്. മാതൃകയില്‍ ഹര്‍ക്കത്ത് ഉള്‍ ഹര്‍ബ് ഇ ഇസ്ലാം എന്നപേരില്‍ തീവ്രവാദ സംഘടന രൂപീകരിക്കുകയായിരുന്നു.സംഘടനയുടെ പേരില്‍ ഫണ്ട് സ്വരൂപിച്ച പ്രതികള്‍ ഡല്‍ഹിയിലെ തിരക്കേറിയ ഇടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളും ചാവേര്‍ ആക്രമണങ്ങളും നടത്താന്‍ പദ്ധതിയിടുകയായിരുന്നു. രഹസ്യ സന്ദേശത്തെത്തുടര്‍ന്ന് ഡല്‍ഹി-യു.പി. പോലീസ് സംഘങ്ങളുമായി ചേര്‍ന്ന് എന്‍.ഐ.എ. നടത്തിയ റെയ്‌ഡില്‍ ഇവര്‍ പിടിയിലാകുകയായിരുന്നു.
പ്രതികള്‍ക്കെതിരേ ചുമത്തിയ യു.എ.പി.എയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് എന്‍.ഐ.എയുടെ നീക്കം. കേസ് തുടര്‍നടപടിക്കായി കോടതി ജൂലൈ നാലിലേക്കു മാറ്റി.ഇവരില്‍ നിന്നു ബോംബ് നിര്‍മാണ സാമഗ്രികളും 25 കിലോഗ്രാം സ്‌ഫോടക വസ്‌തുക്കളും ഒരു റോക്കറ്റ് ലോഞ്ചര്‍, 12 പിസ്‌റ്റളുകള്‍, 112 ടൈമറുകള്‍ എന്നിവയും പിടിച്ചെടുത്തിരുന്നു.
Post Your Comments