ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്തിന് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവനെ സന്ദർശിച്ചാണ് രാഷ്ട്രപതി ആശംസകള്‍ നേര്‍ന്നത്. ചന്ദ്രയാന്‍-2 അടുത്തമാസമാണ് വിക്ഷേപിക്കുന്നത്. 10 വര്‍ഷം മുന്‍പായിരുന്നു ചന്ദ്രയാന്‍-2-ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്നതാണ് ചന്ദ്രയാന്റെ ലക്ഷ്യം.
ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററും ലാന്‍ഡറും ഉള്‍പെടുന്ന പേടകത്തിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ജൂലൈ ഒൻപതിനും പതിനാറിനും ഇടയ്ക്ക് പേടകവുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്ന് റോക്കറ്റ് കുതിച്ചുയരുമെന്നാണ് സൂചന. ഒരു ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് മൊഡ്യൂളിലുള്ളത്. വിക്രം എന്നു പേരിട്ടിരിക്കുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ചാന്ദ്രോപരിതലത്തില്‍ ഇറങ്ങുംവിധമാണ് ദൗത്യം.
Post Your Comments