സിപിഎം എന്ന വിപ്ലവപാര്‍ട്ടിയെ കഷ്ടകാലം പിടികൂടിയിട്ട് കുറച്ചുനാളായി. കേരളത്തില്‍ മാത്രമായിരുന്നു ആകെയുണ്ടായിരുന്ന പിടിവള്ളി. എന്നാല്‍ കേരളത്തിലും സ്ഥിതി പരുങ്ങലാകുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടിവന്ന വന്‍പരാജയത്തിന്റെ കാരണം പാര്‍ട്ടിക്ക് ഒഴിച്ച് ബാക്കി എല്ലാവര്‍ക്കും പകല്‍പോലെ വ്യക്തമാണ്. പക്ഷേ കുറ്റം പറയരുത് പാര്‍ട്ടി അതൊക്കെ പഠിച്ചുവരുന്നതേയുള്ളു. അതിനിടെയാണ് സംസ്ഥാനത്തെ രണ്ട് പ്രബലരുടെ കുടുംബങ്ങള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്ന തലവേദന. ഒന്ന് സാക്ഷാത് കോടിയേരി ബാലകൃഷ്ണന്‍ എന്ന പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ വകയാണെങ്കില്‍ അടുത്തത് പാര്‍ട്ടി എംഎല്‍എയും മുതിര്‍ന്ന നേതാവുമായ എംവി ഗോവിന്ദന്റെ ഭാര്യ വകയാണ്. ഒന്ന് പീഡനക്കേസാണെങ്കില്‍ മറ്റേത് ആത്മഹത്യയുമായി ബന്ധപ്പെട്ടത്.
ആദ്യം പ്രതിക്കൂട്ടില്‍ കയറ്റിയത് നസീര്‍
അതിനും മുമ്പ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെതിരെയുള്ള കൊലപാതകശ്രമവും സിപിഎമ്മിന് തിരിച്ചടിയായതാണ്. കേസില്‍ ഷംസീര്‍ എ.എല്‍.എയുടെ മുന്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. വടകര ലോക്‌സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ സിഒടി നസീറിനെ കൊയിലാണ്ടി മേപ്പയ്യൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഈ കേസില്‍ പാര്‍ട്ടി ഇടപെടല്‍ നടന്നു എന്ന ശക്തമായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പരാതിക്കാരനായ നസീര്‍. അന്വേഷണ സംഘത്തിനുമേലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം കേസ്് അട്ടിമറിക്കപ്പെടുകയാണെന്നും നസീര്‍ ുറപ്പിച്ച ്പറഞ്ഞതും സിപിഎമ്മിന് തലവേദനയായതാണ്. ഇതിന് പിന്നാലെയാണ് പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയും പീഡനക്കേസില്‍ കോടിയേരിയുടെ പുത്രന്‍ ബിനോയിയും വാര്‍ത്തയില്‍ നിറയുന്നത്.
ആന്തൂരില്‍ പി കെ ശ്യാമള വക
കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഡിറ്റേിയത്തിന് കെട്ടിടാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന്റെ ആത്മഹത്യയെ തുടര്‍ന്ന് പി.കെ ശ്യാമളക്കെതിരെ ഗുരുതര ആരോപമങ്ങളുമായി സാജന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ശ്യമളയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് പാര്‍ട്ടിയിലും സമ്മര്‍ദ്ദം ഏറിയിട്ടുണ്ട്. പ്രശ്‌നത്തില്‍ പി.ജയരാജന്‍ ഇടപെട്ടതില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്ക് കടുത്ത പകയുണ്ടായിരുന്നെന്ന് സാജന്റെ ഭാര്യ ബീന പറയുന്നു.
ജയരാജന്റെ മകന്റെ കല്യാണത്തിന് പോയ കാര്യം പറഞ്ഞും അപമാനിച്ച് സംസാരിച്ചെന്നും ഞാനീ കസേരയില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് പെര്‍മിറ്റ് കിട്ടില്ലെന്ന് ശ്യാമള സാജനോട് പറഞ്ഞതായും ബീന വെളിപ്പെടുത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ തന്റെ അച്ഛന്‍ പോയപ്പോള്‍ അദ്ദേഹത്തെയും ശ്യാമള അപമാനിച്ചതായി ബീന പറയുന്നു. എന്തായാലും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്ന സ്ഥിതിക്ക് ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് പി.കെ ശ്യാമള മാറുകയോ മാറ്റുകയോ ചെയ്യാതെ സിപിഎമ്മിന്റെ തലവേദന തീരില്ല.
പീഡനക്കേസുമായി പാര്‍ട്ടി സെക്രട്ടറിയുടെ പുത്രന്‍
ഇതിനിടെ മകന്‍ ബിനോയ് കോടിയേരിയ്ക്കെതിരെയുള്ള പീഡനക്കേസില്‍ പാര്‍ട്ടിസെക്രട്ടറി രാജി സന്നദ്ധത അറിയിച്ചുനില്‍ക്കുകയാണ്. കോടിയേരിയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് തത്കാലം മാറ്റാനാകാത്ത അവസ്ഥയാണ് സിപിഎമ്മിന് മുന്നില്‍. കോടിയേരിക്ക് പകരം പെട്ടെന്നൊരാളെ സെക്രട്ടറി സ്ഥാനത്തിരുത്താന്‍ നേതൃത്വത്തിന് നന്നായി ആലോചിക്കണം. അതിന് പറ്റിയ ജനകീയനായ ഒരു നേതാവിന്റെ പേര് പെട്ടെന്ന് നിര്‍ദേശിക്കാന്‍ പാര്‍ട്ടി അനുയായികള്‍ക്ക് പോലും കഴിയുന്നില്ല. നിവൃത്തികേട് കൊണ്ടാണ് കോടിയേരി രാജി സന്നദ്ധത അറിയച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. മകന്‍ തന്നെ ചതിച്ച കാര്യം കോടിയേരിയേയും ഭാര്യയേയും അറിയിച്ചിരുന്നെന്നും എന്നാല്‍ ഇവരുടെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഒരു മറുപടിയും ഉണ്ടായില്ലെന്നും പരാതിക്കാരിയായ യുവതി തുറന്നു പറഞ്ഞതോടെയാണ് കേസില്‍ കോടിയേരിയുടെ പങ്കു കൂടി വ്യക്തമാകുന്നത്. ഇതിനാവശ്യമായ തെളിവുകള്‍ കയ്യിലുണ്ടെന്നും യുവതി അവകാശപ്പെടുന്നുണ്ട്
ഒഴിയേണ്ടത് കോടിയേരിയുടെ മര്യാദ
എന്തായാലും ബിനോയ് കോടിയേരിയുടെ മുംബൈയിലെ ബീഹാറുകാരിയുമായുള്ള ബന്ധവും കുട്ടിയുമൊക്കെ സംസ്ഥാന നേതൃത്വത്തിന് മാത്രമല്ല കേന്ദ്രനേതൃത്വത്തിനും അറിയാമായിരുന്നു എന്നാണ് മനസിലാക്കേണ്ടത്. ഒതുക്കാവുന്നതിന്റെ പരമാവധി ഒതുക്കിത്തീര്‍ക്കാന്‍ നോക്കി. പക്ഷേ ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. ബിനോയിയുടെ കാര്യത്തില്‍ ഒരു തീരുമാനമാകാതെ ബീഹാറുകാരി പോകില്ലെന്നുറപ്പ്. പാര്‍ട്ടി സെക്രട്ടറിയുടെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനത്തിന് മുന്നിലെ ഫ്‌ളാറ്റിലുമെല്ലാം മുംബൈ പൊലീസ് കയറിയിറങ്ങുന്നത് നാണക്കേടാണെന്ന് സിപിഎമ്മിന് നന്നായി അറിയാം. എങ്കിലും മകന്റെ തെറ്റിന് അച്ഛനെ ശിക്ഷിക്കേണ്ട എന്ന തീരുമാനം തത്കാലത്തേക്ക് മാത്രമാകും. പാര്‍ട്ടി അങ്ങനെ തീരുമാനിച്ചാല്‍ തന്നെ സിപിഎം പോലൊരു പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനത്തിരിക്കുന്നതിന്റഎ അനൗചിത്യം മനസിലാക്കി കോടിയേരി സ്വയം ഒഴിയുകയാണ് വേണ്ടത്. സീസറിന്റെ ഭാര്യ മാത്രമല്ല മക്കളും സംശയത്തിന് അതീതരായിരിക്കണമല്ലോ.
ഉണ്ടാകേണ്ടത് ജനകീയനേതാക്കള്‍
കണ്ണൂരില്‍ നിന്നുള്ള നേതാക്കളായിരിക്കണം പാര്‍ട്ടി സെക്രട്ടറിയെന്ന അലിഖിത നിയമം തെറ്റിക്കാന്‍ പിണറായിയും സംഘവും തയ്യാറാകുമെന്ന് തോന്നുന്നില്ല. പക്ഷേ കണ്ണൂരിലുള്ള സഖാക്കള്‍ തമ്മിലടിക്കുമ്പോള്‍ അങ്ങനെയൊരാളെ കണ്ടെത്തി സെക്രട്ടറി സ്ഥാനത്തിരുത്താന്‍ സാധ്യമല്ല താനും. എന്തായാലും
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് വന്‍ തിരിച്ചടി കിട്ടുമെന്നുറപ്പ്. ലിംഗസമത്വവും വിശ്വാസ സംരക്ഷണവുമൊക്കെ തിരിഞ്ഞുകൊത്തുമെന്ന് സിപിഎം കരുതിയിരുന്നില്ല. വിശ്വാസികള്‍ ബിജെപിക്കൊപ്പം പോയാല്‍ നഷ്ടമാകുന്നത് കോണ്‍ഗ്രസിന്റെ വോട്ടുകളാകുമെന്ന് ഉറപ്പിച്ച പാര്‍ട്ടിക്കാണ് സ്വന്തം കോട്ടകള്‍ പോലും നഷ്ടമായത്. തിരുത്തപ്പെടാതെ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ കരകയറാനാകാത്ത വിധത്തില്‍ മുങ്ങിപ്പോകുമെന്ന് ജനങ്ങള്‍ക്കറിയാം. പക്ഷേ നേതാക്കള്‍ അത് സമ്മതിക്കുന്നില്ല. വിഎസിന് ശേഷം സിപിഎമ്മിന്റെ ഒരു നേതാവും ജനകീയനെന്ന നിലയില്‍ മുന്നോട്ട് വന്നിട്ടില്ല. മുതിര്‍ന്ന നേതാക്കള്‍ക്ക് അല്‍പ്പം പോലും അതിന് കഴിയുന്നില്ല എന്നതാണ് സിപിഎമ്മിന്റെ ഏറ്റവും വലിയ ദുരന്തം.
Post Your Comments