KeralaLatest NewsArticle

ആദ്യം അറബിയുമായി കോടികളുടെ ഇടപാട് ഇപ്പോള്‍ പീഡനക്കേസ്; ബിനോയ് കോടിയേരി തലവേദനയാകുന്നത് കോടിയേരിക്ക് മാത്രമല്ല

- നിത്യ രാമചന്ദ്രന്‍

കേരളം മുഴുവന്‍ അറിയപ്പെടാന്‍ മാത്രം എന്തെങ്കിലും കഴിവോ വ്യക്തിത്വമോ ബിനോയ് എന്ന ചെറുപ്പക്കാരനില്ല. പക്ഷേ പേരിനൊപ്പം ചേര്‍ത്തിട്ടുള്ള കോടിയേരിയാണ് ഇയാളെ മലയാളികള്‍ക്ക് സുപരിചിതനാക്കുന്നത്. അച്ഛന്‍ വലിയ സഖാവ്, പിബി അംഗം, മുന്‍മന്ത്രി, പോരാത്തതിന് സിപിഎം സംസ്ഥാനസെക്രട്ടറി. അച്ഛന്റെ പേരും പദവിയും മകന്‍ നന്നായി ഉപയോഗിക്കുന്നുണ്ടൈന്ന് അയാളുടെ ജീവിതം നോക്കിയാല്‍ മനസിലാകും. ദുബായിലൊക്കെ വലിയ ബിസിനസ് നടത്തുന്ന ആളാണ് ബിനോയ്. ഇടയ്ക്ക് ഇതുമായി ബന്ധപ്പെട്ട് അറബിയുമായി നടത്തിയ ചിലസാമ്പത്തിക ഇടപാടുകളില്‍ പരാതി ഉയരുകയും അതൊക്കെ പരിഹരിക്കപ്പെടുകയും ചെയ്തു. യു.എ.ഇ.യിലുള്ള രണ്ട് പ്രവാസി വ്യവസായികളുടെ മധ്യസ്ഥതയിലാണ് പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ത്തതെന്നാണ് സൂചന. കൊടുക്കാനുള്ളത് പണമായി തന്നെ നല്‍കാമെന്ന് മധ്യസ്ഥരുടെ ഉറപ്പില്‍ അറബിയെ അടക്കിയിട്ട് കേസിലുണ്ടായിരുന്ന യാത്രാവിലക്ക് നീക്കി കോടിയേരിപുത്രന്‍ നാട്ടിലെത്തുകയായിരുന്നു അന്ന്.

പക്ഷേ എന്നിട്ടും തീരുന്നില്ലല്ലോ പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ കഷ്ടകാലം. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ആ പീഡനത്തിന്റെ ഫലമായി എട്ട് വയസുള്ള ഒരു കുട്ടിയുണ്ടെന്നുമുള്ള പരാതിയുമായി മുംബൈയില്‍ സ്ഥിരതാമസക്കാരിയായ ബീഹാര്‍ സ്വദേശിനി എത്തിയതോടെ കോടിയേരിയും കുടുംബവും ആകെ നാണക്കേടിലായിരിക്കുന്നു. ലൈംഗിക പീഡന പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നുമാണ് യുവതി പറയുന്നത്. തന്റെ കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്നും കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റിന് തയ്യാറാണെന്നും അവര്‍ വ്യക്തമാക്കിയതോടെയാണ് സംഭവം ഗൗരവമായത്. പാസ്‌പോര്‍ട്ടില്‍ കുട്ടിയുടെ അച്ഛന്റെ പേര് ബിനോയ് വിനോദിനി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത ഓഷിവാര പൊലീസ് ഇപ്പോള്‍ കേരളത്തില്‍ ബിനോയിയെ തപ്പിനടക്കുകയാണ്. ബിനോയ് കോടിയേരി വിദേശത്തേക്ക് കടക്കാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ അന്വേഷണ സംഘം നടപടി സ്വീകരിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് ബിനോയിയുടെ മൊഴിയെടുക്കാന്‍ കണ്ണൂരിലെത്തിയ ഓഷിവാര സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് നടപടി.

binoy

ബുധനാഴ്ച കണ്ണൂരിലെത്തിയ മുംബൈ ഓഷിവാര പോലീസ് സബ് ഇന്‍സ്പെക്ടര്‍ വിനായക് യാദവും ദേവാനന്ദ പവാറും വ്യാഴാഴ്ച ബിനോയിയുടെ കോടിയേരിയിലെ വീട്ടിലെത്തിയിരുന്നു. അതിനിടെ ബിനോയിയെ കണ്ടെത്താന്‍ മുംബൈ പോലീസ് തിരുവനന്തപുരത്തേക്കു തിരിച്ചതായും റിപ്പോര്‍ട്ടുണ്ട്. പരാതിയില്‍ ചൂണ്ടിക്കാട്ടിയ വിലാസങ്ങളില്‍ ഒന്ന് തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിന്റെ ഭാഗമായ പാര്‍ട്ടി ഫ്ലാറ്റാണെന്നിരിക്കെയാണ് പോലീസ് സംഘം തലസ്ഥാനത്തേക്ക് തിരിച്ചത്. രണ്ട് ദിവസമായി കണ്ണൂരില്‍ തുടര്‍ന്നിരുന്ന മുംബൈ പോലീസ് സംഘം തലശ്ശേരി, ന്യൂമാഹി പോലീസ് സ്റ്റേഷനുകളിലെത്തി വിവരമറിയിച്ച ശേഷമാണ് ബിനോയിയെ തിരഞ്ഞ് കോടിയേരിയിലെ വീട്ടിലെത്തിയത്. എന്നാല്‍ വീട് അടച്ചിട്ട നിലയിലായതിനാല്‍ അടുത്തവീട്ടില്‍ നോട്ടീസ് നല്‍കി. ഓഷിവാര പോലീസ് മുമ്പാകെ ഉടന്‍ ഹാജരാകണമെന്നാണ് നോട്ടീസ്. തലശ്ശേരി സ്റ്റേഷനിലെ രണ്ട് പോലീസുകാരും ഒപ്പമുണ്ടായിരുന്നു. കോടിയേരിയിലെ വീട്ടില്‍ പ്രതിയെ കണ്ടില്ലെന്ന വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചശേഷമാണ് ഇവര്‍ തിരുവനന്തപുരത്തേക്കു തിരിച്ചത്. അരോപണം ഉയര്‍ന്നതിന് പിന്നാലെ ബിനോയ് മാധ്യമങ്ങളോട് ഉള്‍പ്പെടെ പ്രതികരിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്

binoy_kodiyeri_twitter

അതേസമയം അറസ്റ്റിലേക്ക് മുംബൈ പൊലീസ് കടക്കുമെന്ന് ഉറപ്പായതോടെ മുന്‍കൂര്‍ ജാമ്യത്തിനായി ബിനോയ് ശ്രമിക്കുന്നുണ്ട്. ഉടന്‍ കോടതിയില്‍ ജാമ്യഹര്‍ജി നല്‍കുമെന്നാണ് സൂചന. ഇതിനായി അഭിഭാഷകരെ നിയോഗിച്ചതായും വിവരമുണ്ട്. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനാണ് യുവതി തനിക്കെതിരെ പീഡന പരാതി നല്‍കിയതെന്നാണ് ബിനോയ് ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. അതേസമയം മകനെ അന്വേഷിച്ച് അന്യസംസ്ഥാന പൊലീസ് വീടുകള്‍ തോറും കയറിയിരങ്ങുന്നതിന്റെ മാനക്കേടിലാണ് പിതാവ് കോടിയേരി ബാലകൃഷ്ണന്‍. മകന്റെ പേരില്‍ വിവാദമുയര്‍ന്നതോടെ കോടിയേരിയും ഭാര്യയും ശാന്തിഗിരി ആശ്രമത്തില്‍ ചികിത്സ തേടി പോയിരിക്കുകയാണ്. പത്രക്കാരെയും പാര്‍ട്ടിക്കാരെയും അഭിമുഖീകരിക്കേണ്ടെന്ന ഗുണം കൂടിയുണ്ട് അതിന്. അതേസമയം പാര്‍ട്ടിയില്‍ തന്നെ സെക്രട്ടറിയുടെ മകന്റെ പേരില്‍ രണ്ടഭിപ്രായമാണ്. സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി മാറണമെന്ന ഒറ്റപ്പെട്ട ആവശ്യവും ഉയരുന്നുണ്ട്. ബിനോയ് പിടികൊടുക്കാതെ മുങ്ങി നടക്കുന്നതാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത്. എകെജി സെന്ററിലെ ഫ്ലാറ്റിലും പൊലീസ് ബിനോയിയെ അന്വേഷിച്ചെത്തിയാല്‍ സാധാരണപ്രവര്‍ത്തകര്‍ കോടിയേരിക്കെതിരെ തിരിയാന്‍ സാധ്യതയുണ്ട്. അത് പാര്‍ട്ടിക്ക് നാണക്കേടാകുമെന്നത് മറ്റൊരു കാര്യം.

മകന്റെ പേരിലുള്ള ആരോപണങ്ങള്‍ക്ക് അച്ഛനെന്ത് പിഴച്ചെന്ന ചോദ്യമുയര്‍ത്തി കോടിയേരിയെ സംരക്ഷിക്കാം. പക്ഷേ പൊതുപ്രവര്‍ത്തകനെന്ന അച്ഛന്റെ വിലാസം മകന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നതില്‍ അന്വേഷണം വേണം. അച്ഛന്റെ പദവിയും പിടിപാടും അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ആഭ്യന്തരമന്ത്രിസ്ഥാനത്തിരുന്ന ആളാണ് കോടിയേരി, അതിലും സ്വാധാനമുണ്ട് ് ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി എന്ന നിലയില്‍. എങ്ങനെയായാലും മകനെ രക്ഷിക്കണമെന്ന് കോടിയേരി വിചാരിച്ചാല്‍ ബിനോയ് ഊരിപ്പോകും. പക്ഷേ അത്തരത്തിലൊരു വിചാരം കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സൈക്രട്ടറിക്കുണ്ടാകാന്‍ പാടില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിചാരിക്കുന്നുണ്ട്. അവരുടെ വിശ്വാസം കോടിയേരി രക്ഷിക്കട്ടെ. ബിനോയ്് കോടിയേരിയുടെ കാര്യത്തില്‍ നിയമം നിമയത്തിന്റെ വഴിക്ക് നടക്കാന്‍ സിപിഎം എന്ന വിപ്ലവപാര്‍ട്ടിയും ശ്രദ്ധിക്കുമല്ലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button