ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരക്കു കപ്പലുകളുടേയും എണ്ണക്കപ്പലുകളുടേയും സുരക്ഷ ഉറപ്പാക്കുന്നു. ഇന്ത്യയ്ക്ക് അതീവ ജാഗ്രതാനിര്‍ദേശം.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആണ് അതീവജാഗ്രതാ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഇന്ത്യയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒമാന്‍ കടലിടുക്കില്‍ രണ്ട് യുദ്ധക്കപ്പലുകള്‍ നാവിക സേന വിന്യസിച്ചത്.
വിവിധ രാജ്യങ്ങളുടെ എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്
അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നങ്ങള്‍ വഷളായതിന് പിന്നാലെയാണ് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടത്. ഈ സാഹചര്യത്തില്‍ മിസൈല്‍വേധ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈ, നിരീക്ഷണക്കപ്പലായ ഐ.എന്‍.എസ് സുനൈന എന്നിവയെയാണ് ഒമാന്‍ കടലിടുക്കില്‍ വിന്യസിച്ചിട്ടുള്ളത്.
ഓപ്പറേഷന്‍ സങ്കല്‍പ്പ് എന്നപേരിലാണ് ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നാവികസേനയുടെ നീക്കം. യുദ്ധക്കപ്പലുകള്‍ വിന്യസിച്ചതിന് പുറമെ വ്യോമനിരീക്ഷണവും നടത്തുന്നുണ്ട്. ഗുരുഗ്രാമിലുള്ള കേന്ദ്രത്തില്‍ ഒമാന്‍ കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം നാവികസേനനിരീക്ഷിക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാന്‍ ആണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം അവര്‍ നിഷേധിച്ചു. ആക്രമണങ്ങള്‍ക്ക് പിന്നാലെ അതീവ ജാഗ്രത പാലിക്കാനുള്ള നിര്‍ദ്ദേശം ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് നല്‍കിയിരുന്നു.
Post Your Comments