KeralaLatest News

ഭക്ഷ്യ വകുപ്പിന്റെ അനാസ്ഥ; ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട് ആയിരങ്ങള്‍

തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന്റെ അനാസ്ഥ കാരണം അര്‍ഹരായ പതിനായിരക്കണക്കിന് ആളുകളാണ് ഇപ്പോഴും റേഷന്‍ മുന്‍ഗണന പട്ടികയ്ക്ക് പുറത്ത് നില്‍ക്കുന്നത്. അരിയും ഗോതമ്പും മാത്രമല്ല, അര്‍ഹതപ്പെട്ട ചികില്‍സാ അനുകൂല്യങ്ങള്‍ കൂടിയാണ് ഭക്ഷ്യവകുപ്പിന്റെ അനാസ്ഥ കാരണം പാവങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നത്.

കുണ്ടറ പേരൂര്‍ സ്വദേശിനി സുഷമയും ഇവരില്‍ ഒരാളാണ്. രണ്ടു സെന്റില്‍ പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ ചെറിയ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. കശുവണ്ടി തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആയിരത്തി അഞ്ഞൂറുരൂപ പെന്‍ഷനാണ് ഏക വരുമാനം. പക്ഷേ റേഷന്‍ കാര്‍ഡ് പുതുക്കിയതോടെ നിത്യജീവിതം തള്ളി നീക്കുന്ന ഇവര്‍ സമ്പന്നരുടെ പട്ടികയിലായി. ബിപിഎല്‍ കാര്‍ഡിന് പകരം കിട്ടിയത് പൊതു വിഭാഗം കാര്‍ഡ്.

ഇതോടെ സൗജന്യമായി ലഭിച്ചിരുന്ന ഭക്ഷ്യ വസ്തുക്കള്‍ നിലച്ചു.സര്‍ക്കാര്‍ ആശുപത്രിയില്‍ പോലും ഇപ്പോള്‍ പരിശോധനയ്ക്ക് പണം നല്‍കേണ്ട ദുരവസ്ഥയാണ്. പ്രതിമാസം മരുന്നിന് മാത്രം നാലായിരത്തോളം രൂപവേണം. സഹോദരങ്ങളുടെയും അയല്‍ക്കാരുടെയും കനിവിലാണ് ഇവരിപ്പോള്‍ കഴിയുന്നത്. രണ്ടു വര്‍ഷമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുത്രിയിലാണ് സുഷമയുടെ ചികില്‍സ.

അവിടുത്തെ ഡോക്ടറുടെ ശുപാര്‍ശ കത്തടക്കം ഒരു വര്‍ഷം മുന്‍പ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇത്തരം തെറ്റുകള്‍ ഉടന്‍ തന്നെ പരിഹരിക്കാനും അര്‍ഹത പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും ഇടപെടലുകള്‍ കാര്യക്ഷമമായി നടക്കുന്നില്ല എന്നതാണ് വാസ്തവം.

shortlink

Post Your Comments


Back to top button