തിരുവനന്തപുരം : പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ പിഴവു കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തു നിര്‍മാണത്തിലിരിക്കുന്ന 300 പാലങ്ങളും പരിശോധിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. നിയമസഭയില്‍ മരാമത്ത്, റജിസ്‌ട്രേഷന്‍ വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി നല്‍കുകയായിരുന്നു മന്ത്രി. പാലാരിവട്ടം പാലത്തിന്റെ സ്ഥിതി ഇ.ശ്രീധരന്‍ ഉള്‍പ്പെടെ വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്. പൊളിച്ചുകളയണമെങ്കില്‍ അതും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം പരിശോധന നടത്തിയിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട പരിശോധനയില്‍ ചെന്നൈ ഐ.ഐ.ടി.യിലെ സ്ട്രക്ചറല്‍ എന്‍ജിനീയര്‍ പ്രൊഫ. ഡോ. അളഗ സുന്ദരമൂര്‍ത്തിയും ഒപ്പമുണ്ടായിരുന്നു. ശ്രീധരനൊപ്പം ദീര്‍ഘകാലമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ട്രക്ചറല്‍ എന്‍ജിനീയര്‍ പ്രൊഫ. മഹേഷ് ഠണ്ഡനും സംഘത്തിന്റെ ഭാഗമായിരുന്നു. കോണ്‍ക്രീറ്റ് വിദഗ്ദ്ധനാണ് അദ്ദേഹം.
റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ കേരളത്തെ അധിക്ഷേപിക്കുകയാണ്. ട്രെയിന്‍ ആകാശത്തു കൂടിയാണോ ഓടിക്കേണ്ടതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ല. അതിവേഗ റെയില്‍പാത നിര്‍മിക്കാന്‍ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. 4 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം കാസര്‍കോട് ട്രെയിന്‍ യാത്രയ്ക്കായി പദ്ധതിയുടെ രൂപരേഖ തയാറാക്കി. പുതിയ പാത വേണോ നിലവിലുള്ളതു വികസിപ്പിക്കണോയെന്നു തീരുമാനിച്ചിട്ടില്ല മന്ത്രി പറഞ്ഞു.
Post Your Comments