ന്യൂഡല്‍ഹി: നിര്‍മ്മിത ബുദ്ധിയുള്ള ആദ്യ ഇലക്ട്രിക് ബൈക്ക് ഇന്ത്യന്‍ നിരത്തിലിറങ്ങാന്‍ ഒരുങ്ങുന്നു. ഇലക്ട്രിക് ടൂ-വീലര്‍ നിര്‍മാണ സ്റ്റാര്‍ട്ടപ്പായ റിവോള്‍ട്ട് ഇന്റലികോര്‍പ് ആണ് ഈ സൂപ്പര്‍ ബൈക്കിന്റെ സൂത്രധാരന്മാര്‍. ആര്‍വി400 എന്നാണ് ഈ പുതിയ ബൈക്കിന്റെ പേര്.
ജിയോ ഫെന്‍സിങ്, റിമോട്ട് ഡയഗ്‌നോസ്റ്റിക്സ്, ക്ലൗഡ് സേവനങ്ങള്‍, സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ മുതലായവ കണക്ടഡ് ടെക്നോളജി മുഖേന സാധിക്കുമെന്നതാണ് റിവോള്‍ട്ട് RV400 ന്റെ പ്രധാന പ്രത്യേകത. ഇതിനായി ബൈക്കില്‍ 4G സിം എംബഡ് ചെയ്തിട്ടുണ്ട്. റൈഡറുടെ സ്മാര്‍ട്ട് ഫോണില്‍ കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ വാഹനത്തിന്റെ പെര്‍ഫോമന്‍സ്, ഹെല്‍ത്ത് എന്നിവ ട്രാക്ക് ചെയ്യാനാന്‍ കഴിയും. ഉപയോഗിക്കാതെ തന്നെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം. ബാറ്ററി മാറാനും എക്‌സോസ്റ്റിന്റെ ശബ്ദം മാറ്റാനുമൊക്കെ ഈ ആപ്പിലൂടെ കഴിയും.
മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍. പരന്ന ഹാന്‍ഡില്‍ബാറാണ് RV400 -ന്. എട്ടു സ്‌പോക്ക് അലോയ് ആണ് വീലുകള്‍. അടിസ്ഥാന സൗകര്യമായി ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനവുമുണ്ട്. ഇലക്ട്രിക് മോട്ടോറിന്റെ മൂളല്‍ ശബ്ദം ഇഷ്ടമില്ലാത്തവര്‍ക്കായി കൃത്രിമ എഞ്ചിന്‍ ശബ്ദം, ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ്, ബാറ്ററി മാനേജ്‌മെന്റ് സംവിധാനം തുടങ്ങിയ നിരവധി പ്രത്യേകതകളുണ്ട് ഈ ബൈക്കിന്.
ഓടിക്കുന്നയാളുടെ റൈഡിങ് സ്വഭാവം പഠിക്കാനും മനസിലാക്കാനും ഈ ബൈക്കിന് കഴിയുമെന്നും കമ്പനി പറയുന്നു. ഡാറ്റ ശേഖരണത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഈ വിവരങ്ങള്‍ ആധാരമാക്കിയാകും ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ നിശ്ചയിക്കപ്പെടുക. ഡാറ്റ ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ ഉടമക്ക് ഉയര്‍ന്ന മാര്‍ക്കു ലഭിച്ചാല്‍ കുറഞ്ഞ ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചാല്‍ മതിയെന്നാണ് കമ്പനി നല്‍കുന്ന ഓഫര്‍.ഒറ്റ ചാര്‍ജില്‍ 156 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുന്ന ബൈക്കിന് 85 kmph ആണ് പരമാവധി വേഗത. ലിഥിയം അയോണ്‍ ബാറ്ററി യൂണിറ്റാണ് ബൈക്കിന്റെ ഹൃദയം. സാധാരണ ഇലക്ട്രിക് പ്ലഗില്‍ നേരിട്ട് കുത്തിയും ബൈക്കില്‍ നിന്നും ബാറ്ററി യൂണിറ്റ് ഊരിമാറ്റിയും ഉള്‍പ്പെടെ നാലു വിധത്തില്‍ ഈ ബാറ്ററി ചാര്‍ജ് ചെയ്യാം. നാലു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ്ജാകും.
കമ്പനിയുടെ മനേസര്‍ ശാലയില്‍ നിന്നാണ് RV400 യൂണിറ്റുകള്‍ പുറത്തിറങ്ങുക. പുറത്തിറങ്ങി നാലു മാസങ്ങള്‍ക്കുള്ളില്‍ ചെന്നൈ, നാഗ്പൂര്‍, അഹമ്മദാബാദ്, ദില്ലി, പൂനെ, ബെംഗളൂരു, ഹൈദരാബാദ് ഉള്‍പ്പെട രാജ്യത്തെ ഏഴ് നഗരങ്ങളില്‍ ഈ ബൈക്കെത്തും. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം ഒന്നരലക്ഷം രൂപയാണ് റിവോള്‍ട്ട് RV400 -ന് പ്രതീക്ഷിക്കുന്ന വില. ജൂണ്‍ 25 മുതല്‍ കമ്പനിയുടെ വെബ്‌സൈറ്റ് വഴിയും ആമസോണ്‍ വഴിയും 1000 രൂപ അടച്ച് ബൈക്ക് പ്രീ-ബുക്ക് ചെയ്യാം.
Post Your Comments