കൊല്‍ക്കത്ത: 26 വര്‍ഷമായി ഭക്ഷണശാല നടത്തുകയാണ് ലക്ഷ്മി നാരായണ്‍ ഘോഷ്. ബംഗാളിലെ വടക്കന്‍ കൊല്‍ക്കത്തയിലുള്ള മാണിക്ക്തലയിലാണ് ഇദ്ദേഹം കച്ചവടം നടത്തുന്നത്. ഇവിടെ ഇപ്പോവും സമോസ വില്‍ക്കുന്നത് 25 പൈസയ്ക്കാണ്. നൂറ് രൂപയുമായി പോയാല്‍പോലും ആവശ്യത്തിനു കഴിക്കാന്‍ കിട്ടില്ല എന്നു പറയുന്ന ഈ കാലത്താണ് ലക്ഷ്മി നാരായണ്‍ ഘോഷിന്റെ കച്ചവടം വ്യത്യസ്തമാകുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്കാണ് ഇദ്ദേഹം കച്ചോരി 25 പൈസയ്ക്ക് വില്‍ക്കുന്നത്.
മുതിര്‍ന്നവര്‍ക്ക് ഇത് വില്‍ക്കുമ്പോള്‍ 50 പൈസയാണ് ഇദ്ദേഹം ഈടാക്കുന്നത്. ജ്യോതി ബസുവിന്റെ കീഴിലുള്ള സി.പി.എം സര്‍ക്കാരിന്റെ കാലത്താണ് ലക്ഷ്മി നാരായണ്‍ ഘോഷ് ഈ കട ആരംഭിക്കുന്നത്. അന്ന് മുതല്‍ ഇന്നുവരെ വിലയുടെ കാര്യത്തില്‍ നാരായണ്‍ ഘോഷ് മുന്നിലേക്കോ പിന്നിലേക്കോ പോയിട്ടില്ല. എല്ലാ ദിവസവും രാവിലെ 9 മണിക്ക് ഘോഷ് തന്റെ കടയിലെത്തും. അപ്പോഴേക്കും വിശന്ന് വലഞ്ഞ നാട്ടുകാര്‍ ഘോഷിന്റെ വരവും കാത്ത് കടയ്ക്കു മുന്നില്‍ ഒത്തുകൂടിയിട്ടുണ്ടാവും.
തന്റെ കടയ്ക്ക് മുന്നില്‍ കാത്തിരിക്കുന്നവരെ ഒട്ടും മുഷിപ്പിക്കാതെ, അല്‍പ്പസമയം കൊണ്ട് ഈ പലഹാരം ഘോഷ് തയാറാക്കും. രാവിലത്തെ വില്‍പ്പന കഴിഞ്ഞാല്‍ കട അടച്ച് ഘോഷ് പോകും. പിന്നീട് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീണ്ടും കട തുറക്കും. അപ്പോള്‍ കച്ചോരി വാങ്ങാനെത്തുന്നത് കുട്ടികളാണ്. പേയാജി, ആലൂര്‍ ചോപ്പ്, മോച്ചാര്‍ ചോപ്പ്, ധോക്കര്‍ ചോപ്പ്, മെഗുനി തുടങ്ങിയ ബംഗാളി പലഹാരങ്ങളും ഘോഷ് തയാറാക്കും. ഇവയ്ക്ക് ഒരു രൂപയാണ് ഘോഷ് ഈടാക്കുന്നത്.
എല്ലാവരും തനിക്ക് അറിയുന്ന ആള്‍ക്കാരാണ് അവര്‍ കാലാകാലങ്ങളായി ഇവിടുന്നാണ് ഭക്ഷണം കഴിക്കുന്നതെന്നും വിലകൂട്ടിയാല്‍ അവര്‍ക്ക് വിഷമമാകുമെന്നും ആളുകളെല്ലാം സന്തോഷത്തോടെ ഇവിടെ വന്ന് ഭക്ഷണം കഴിക്കുന്നത് കാണുന്നതാണ് തനിക്കു സന്തോഷമെന്നും അതുകൊണ്ടാണ് വിലകൂട്ടാത്തതെന്നുമാണ് അദ്ദേഹം പറയുന്നത്.
Post Your Comments