ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യസര്‍ക്കാരില്‍ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രശ്‌നങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമി രംഗത്തെത്തി. എല്ലാ ദിവസവും താന്‍ വേദനയിലൂടെയാണ് കടന്നുപോകുന്നതെന്ന് വെളിപ്പെടുത്തിയ കുമാരസ്വാമി എന്നാല്‍ സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം പരിഗണിച്ച് ഒന്നും തുറന്ന് പറയുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. പുറത്ത് നിന്ന് നോക്കുമ്പോള്‍ ഞാനാണ് കര്‍ണാടകയുടെ മുഖ്യമന്ത്രി.
എന്നാല്‍ ഓരോ ദിവസവും താന്‍ വേദനിക്കുകയാണ്, ഇക്കാര്യം താന്‍ തുറന്ന് പറഞ്ഞാല്‍ പിന്നെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരാണുണ്ടാവുകയെന്നും കുമാരസ്വാമി ചോദിച്ചു. സംസ്ഥാനത്തിന്റെ താതപര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ തന്റെ വേദനയ്‌ക്ക് പിന്നിലെ കാരണം ആരോടും പറയാന്‍ തോന്നില്ല. സംസ്ഥാന സര്‍ക്കാര്‍ നല്ല രീതിയില്‍ മുന്നോട്ട് പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാരിന്റെ നല്ല നടത്തിപ്പിന് എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, സഖ്യസര്‍ക്കാരിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ വികാരഭരിതനായ കുമാരസ്വാമി പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞിരുന്നു. ഒരു സഹോദരന്‍ മുഖ്യമന്ത്രിയായത് പോലെ വളരെ സന്തോഷത്തോടെയാണ് എന്നെ സ്വീകരിക്കാന്‍ എല്ലാവരും നില്‍ക്കുന്നത്. എന്നാല്‍ താന്‍ മാത്രം ദുഖിതനാണ്. സഖ്യസര്‍ക്കാരിനെ നയിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ എനിക്ക് കൃത്യമായി അറിയാം. ഭഗവാന്‍ ശിവനെപ്പോലെ എല്ലാ വേദനകളും സ്വയം ഞാന്‍ ഏറ്റെടുക്കുകയാണെന്നും കുമാരസ്വാമി വ്യക്തമാക്കി.
Post Your Comments