NattuvarthaLatest News

പാമ്പുകടിയേറ്റ കുഞ്ഞിന്റെ മരണം; പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുട്ടിയുടെ അവകാശികൾക്ക് പെർമനന്റ് ലോക് അദാലത്തിൽ പരാതി നൽകാവുന്നതാണെന്നും ഉത്തരവിൽ പറഞ്ഞു

തൃശൂർ: പാമ്പുകടിയേറ്റ കുഞ്ഞിന്റെ മരണം, കുട്ടിക്ക് പ്രാഥമിക ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരിക്കാനിടയായ സംഭവത്തിൽ പോലീസ് അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ തൃശൂർ ജില്ലാ പോലീസ് മേധാവി അനേ്വഷണം നടത്തി കമ്മീഷൻ മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.തൃശൂർ ചട്ടികുളം കലാഞ്ചേരി വീട്ടിൽ കെ.വി. ജോസ് നൽകിയ പരാതിയിലാണ് നടപടി.

തൃശൂർ ചട്ടികുളം കലാഞ്ചേരി ജോസിന്റെ മകൻ ആൻജോ നെൽസന് 2018 സെപ്റ്റംബർ 8 നാണ് പാമ്പുകടിയേറ്റത്. ഉടനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും കാഷ്വാലിറ്റി ഡോക്ടർ പ്രാഥമിക ചികിത്സ നൽകാതെ മുക്കാൽ മണിക്കൂറിന് ശേഷം അങ്കമാലിയിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തു. വഴിമധ്യേ കുഞ്ഞ് മരിച്ചു. കമ്മീഷൻ തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് കുട്ടിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ കുട്ടിയുടെ ആരോഗ്യനില സുരക്ഷിതമാക്കാതെ 16 കിലോമീറ്റർ അകലെയുള്ള മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡോക്ടർക്ക് വീഴ്ച സംഭവിച്ചതിനാൽ പോലീസിന് അനേ്വഷണം നടത്തി ഡോക്ടർക്കും ബന്ധപ്പെട്ട ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിക്കാവുന്നതാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുട്ടിയുടെ അവകാശികൾക്ക് പെർമനന്റ് ലോക് അദാലത്തിൽ പരാതി നൽകാവുന്നതാണെന്നും ഉത്തരവിൽ പറഞ്ഞു.

shortlink

Post Your Comments


Back to top button