KeralaLatest NewsIndia

പ്രവർത്തകരിൽ ക്വട്ടേഷന്‍ ബന്ധമുള്ളവരെ സംരക്ഷിക്കില്ലെന്ന കർശന നിലപാടുമായി സിപിഎം

പാര്‍ട്ടിക്കുവേണ്ടി 'പ്രതിരോധ'പ്രവര്‍ത്തനം നടത്തിയവരില്‍ ചിലര്‍ പിന്നീട് സ്വര്‍ണക്കടത്തുകാരുടെയും ഹവാലാ ഇടപാടുകാരുടെയും ആളുകളായി മാറുന്നുവെന്നാണ് പാര്‍ട്ടി കണ്ടെത്തല്‍

കണ്ണൂര്‍: എതിരാളികളെ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും മുന്നില്‍നിന്നു പ്രവര്‍ത്തിച്ച ചിലര്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ഭാഗമാകുന്നതില്‍ ആശങ്കയുമായി സി.പി.എം. പാര്‍ട്ടിക്കുവേണ്ടി എന്ത് ത്യാഗം ചെയ്തവരായാലും അക്രമം, സാമ്പത്തിക കുറ്റകൃത്യം എന്നിവയുമായി ബന്ധപ്പെടുന്നവരെ സംരക്ഷിക്കുന്ന സമീപനമുണ്ടാകരുതെന്ന് താഴെതലത്തില്‍ കര്‍ശനനിര്‍ദേശം നല്‍കാനും കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

പാര്‍ട്ടിക്കുവേണ്ടി ‘പ്രതിരോധ’പ്രവര്‍ത്തനം നടത്തിയവരില്‍ ചിലര്‍ പിന്നീട് സ്വര്‍ണക്കടത്തുകാരുടെയും ഹവാലാ ഇടപാടുകാരുടെയും ആളുകളായി മാറുന്നുവെന്നാണ് പാര്‍ട്ടി കണ്ടെത്തല്‍.പാര്‍ട്ടി ഘടകങ്ങളറിയാതെ നടക്കുന്ന അക്രമസംഭവങ്ങളിലെ പ്രതികള്‍ മുമ്പ് പാര്‍ട്ടി ബന്ധമുള്ളവരാണെങ്കില്‍ പാര്‍ട്ടി ആകെ പ്രതിക്കൂട്ടിലാവുന്നുണ്ട്. ഇത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയാണ് തിരുത്തല്‍.കൂത്തുപറമ്പ് കേന്ദ്രീകരിച്ച്‌ ഇത്തരമൊരു സംഘം പ്രവര്‍ത്തിക്കുന്നുവെന്നത് ഗൗരവത്തോടെ കാണാന്‍ ജില്ലാ കമ്മിറ്റി ഏരിയാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.

തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍, സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കം തീര്‍ക്കാന്‍ കമ്മിഷന്‍ വാങ്ങിയുള്ള ഇടപെടല്‍ തുടങ്ങിയവ നടക്കുന്നതായാണ് ആക്ഷേപം. കൂത്തുപറമ്പിലെ ചില സി.പി.എം. പ്രവര്‍ത്തകര്‍ക്ക് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ളതായി സംസ്ഥാനകമ്മിറ്റിക്ക് പരാതി ലഭിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശപ്രകാരം ജില്ലാ കമ്മിറ്റി ഇക്കാര്യം ചര്‍ച്ചചെയ്തതായാണ് വിവരം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലയിലെ സംസ്ഥാന സെക്രട്ടേറിയറ്റ്-സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

നേരത്തേ കേസുകളില്‍ പ്രതിയായിരുന്ന കൂത്തുപറമ്പിലെ ഒരു സി.പി.എം. അംഗം ഇത്തവണ അംഗത്വം പുതുക്കിയിട്ടില്ല. ഇയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് കൂത്തുപറമ്പ് , തലശ്ശേരി, പാനൂര്‍ ഏരിയാ കമ്മിറ്റികളിലും കൂത്തുപറമ്പ് ലോക്കല്‍ കമ്മിറ്റിയിലും റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button