ആലപ്പുഴ: പോലീസുകാരിയായ സൗമ്യയെ ജീവനോടെ തീവെച്ചു കൊലപ്പെടുത്തിയ പ്രതി അജാസിനും സംഭവ സമയത്ത് പൊള്ളലേറ്റിരുന്നു. ഗുരുതരപൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
60 ശതമാനത്തോളം പൊള്ളലേറ്റ അജാസിന് ബോധം വിണ്ടു കിട്ടിയെങ്കിലും സംസാരിക്കാനും മറ്റും ബുദ്ധിമുട്ട് ഉണ്ട്. അജാസിന്റെ കിഡ്നി തകരാറിലാണ്. ഇന്നലെ ഡയാലിസിസിനായി ശ്രമിച്ചെങ്കിലും രക്തസമ്മര്‍ദ്ദം കുറഞ്ഞതിനാല്‍ ഡയാലിസിസ് നടത്താനായിട്ടില്ല. രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ മരുന്നു കുത്തിവെച്ചങ്കിലും മരുന്നുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അടിവയറിനു താഴേക്ക് സാരമായി പൊള്ളലുണ്ട്. വൃക്കയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ശരിയായ നിലയിലല്ല. അജാസിന്റെ ലക്‌ഷ്യം സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുക എന്നതായിരുന്നു. സൗമ്യക്കൊപ്പം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു. തീ കൊളുത്തിയശേഷം താന്‍ സൗമ്യയെ കയറിപ്പിടിക്കുകയായിരുന്നു. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ല. സൗമ്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹം.
എന്നാല്‍ വിവാഹഅഭ്യര്‍ഥന നടത്തിയപ്പോള്‍ സൗമ്യ വിസമ്മതിച്ചുവെന്നും അജാസ് മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രതിയുടെ മൊഴി രേഖപ്പെടുത്താനായി മജിസ്‌ട്രേറ്റ് രണ്ടു തവണ മുമ്പ് ആശുപത്രിയില്‍ എത്തിയിരുന്നു. ഞായറാഴ്‌ച രാത്രി വൈകി ബോധം പൂര്‍ണമായും തെളിഞ്ഞെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചതോടെയാണ് മൊഴിയെടുക്കല്‍ നടന്നത്.
Post Your Comments