ലോക്സഭയില്‍ 350 ഓളം എംപിമാരുള്ള കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് വന്ന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ച് രാമന്റെ പ്രവാസം അവസാനിപ്പിക്കണമെന്ന് ശിവസേന. ജൂണ്‍ 16 ന് ശിവസേന മേധാവി ഉദ്ദവ് താക്കറെയും മകന്‍ ആദിത്യയും 18 സേന എംപിമാരും ചേര്‍ന്ന് അയോദ്ധ്യ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി മുകപത്രമായ സാമ്‌നയില്‍ രാമക്ഷേത്രനിര്‍മാണത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്.
‘ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും തങ്ങള്‍ എത്തുന്നതിന് ഒരു ദിവസം മുമ്പ് അയോധ്യ സന്ദര്‍ശിച്ചിരുന്നെന്നും ശിവസേന ചൂണ്ടിക്കാട്ടി. രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയാന്‍ രണ്ട് സാധ്യത ലഭ്യമാണെന്ന് മൗര്യ മഹാന്ത് നൃത്ത ഗോപാല്‍ ദാസിന്റെ സാന്നിധ്യത്തില്‍ പറഞ്ഞതായും എഡിറ്റോറിയല്‍ പറയുന്നു. മുസ്ലീം പാര്‍ട്ടികളുമായുള്ള ചര്‍ച്ചയിലൂടെയും സുപ്രീം കോടതിയിലൂടെയും അത് സാധ്യമാകും. അഥവാ ഈ രണ്ട് ബദലുകളും പരാജയപ്പെടുകയാണെങ്കില്‍, ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും സാമ്‌നയിലെ എഡിറ്റോറിയല്‍ ആവശ്യപ്പെടുന്നു.
ചര്‍ച്ചയ്ക്കുള്ള എല്ലാ സാധ്യതകളും പരാജയപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടുതന്നെ 350 എംപിമാരുടെ ഭൂരിപക്ഷം രാമക്ഷേത്രനിര്‍മാണത്തിന് നിര്‍ണായകമാണ്. സര്‍ക്കാര്‍ ക്ഷേത്രനിര്‍മാണ പദ്ധതിയുമായി മുന്നോട്ട് പോകുകതന്നെ വേണമെന്നും രാമന്റെ പ്രവാസകാലത്തിന് അവസാനമാകണമെന്നും സേന ആവശ്യപ്പെടുന്നു.
രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരെ എതിര്‍ക്കുന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിധിയെന്നും പാര്‍ട്ടി പത്രത്തിലെ എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Post Your Comments