കൊച്ചി : ഒരിടവേളക്ക് ശേഷം പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനലിനെതിരായ സമരം വീണ്ടും സജീവമാകുന്നു. 2017ല്‍ സമരക്കാര്‍ക്കെതിരെ നടന്ന പൊലീസ് നടപടിയുടെ ഓര്‍മയില്‍ പുതുവൈപ്പില്‍ ജനകീയ പ്രതിരോധ സംഗമം സംഘടിപ്പിച്ചു. എല്‍.പി.ജി ടെര്‍മിനല്‍ നിര്‍മാണം പുനരാംഭിക്കാനുളള നടപടികള്‍ വീണ്ടും ആരംഭിച്ചതോടെ സമരക്കാര്‍ എതിര്‍പ്പുമായി വീണ്ടും രംഗത്തെത്തി.
പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റ് നിര്‍മാണം അനുവദിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന നിലപാടിലാണ് സമരസമിതി. പുതുവൈപ്പില്‍ സംഘടിപ്പിച്ച ജനകീയ പ്രതിരോധ സംഗമം കൂടംകുളം സമര നേതാവ് എസ് പി ഉദയകുമാര്‍ സംഗമം ഉദ്ഘാടനം ചെയ്തു.ജനങ്ങളുടെ ജീവനും സ്വത്തും വകവെക്കാതെ കോര്‍പറേറ്റുകളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാറുകള്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. നിരവധി സമരങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം കൊച്ചി അമ്പലമേടുള്ള 1500 ഏക്കര്‍ സ്ഥലത്ത് പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന ബദല്‍ നിര്‍ദേശം നേരത്തെ സമരസമിതി അധികൃതര്‍ക്ക് മുന്നില്‍വെച്ചിരുന്നു.
ഐ.ഒ.സി യുടെ എല്‍.പി.ജി സംഭരണ കേന്ദ്രം ജനവാസമേഖലായ പുതുവൈപ്പില്‍ സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് പുതുവൈപ്പ് നിവാസികള്‍ വര്‍ഷങ്ങളായി സമരത്തിലാണ്. 2017ലാണ് പുതുവൈപ്പിലും എറണാകുളം നഗരത്തിലും സമരക്കാര്‍ക്ക് നേരെ പൊലീസ് നടപടിയുണ്ടാകുന്നത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസ് നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നുണ്ടായത്.
Post Your Comments